ഇരിങ്ങാലക്കുട : ഭിന്നശേഷി കുട്ടികളുടെ ഉന്നമനത്തിനായി പ്രവർത്തിക്കുന്ന നിപ്മറിൽ 33.27 ലക്ഷം രൂപയുടെ പദ്ധതികളൊരുക്കി സംസ്ഥാന സർക്കാർ. നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സ്‌കേറ്റിംഗ് ട്രാക്ക്, എ.ഡി.എച്ച്.ഡി ക്ലിനിക്ക്, ഫീഡിംഗ് ഡിസോഡർ ക്ലിനിക്ക് എന്നീ പദ്ധതികളാണ് സമർപ്പിച്ചത്. ഭിന്നശേഷി കുട്ടികൾക്ക് അപകടരഹിതമായി ഉപയോഗിക്കാൻ തക്ക വിധത്തിലുള്ള സ്കേറ്റിംഗ് ട്രാക്കാണ് ഒരുക്കിയിട്ടുള്ളത്. ഭിന്നശേഷി കുട്ടികൾക്ക് സഹായകരമാകുന്നതാണ് പ്രത്യേക ക്ലിനിക്കുകൾ.
പദ്ധതികളുടെ സമർപ്പണം ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. ഭിന്നശേഷി കുട്ടികളുടെ ഉന്നമനം സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നും അതിന് എല്ലാ പിന്തുണയും നൽകുമെന്നും മന്ത്രി പറഞ്ഞു. നിപ്മറിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ് അദ്ധ്യക്ഷനായിരുന്നു. ചടങ്ങിൽ ഓട്ടിസം ന്യൂട്രിഷൻ ട്രാക്കറിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നിപ്മർ ജീവനക്കാരുടെ 137432 രൂപയുടെ ചെക്ക് എക്‌സിക്യൂട്ടീവ് ഡയറക്ടർ മന്ത്രിക്ക് കൈമാറി. സാമൂഹികനീതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത്കുമാർ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ് എംവോക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. കെ.ആർ. ജോജോ, കെ. സന്തോഷ് ജേക്കബ്, സന്ധ്യ നൈസൻ, മേരി ഐസക്, സി. ചന്ദ്രബാബു, ആർ. മധുമിത എന്നിവർ സംസാരിച്ചു.
ഭിന്നശേഷി കുട്ടികളുടെ കരുതലിനും നിപ്മറിലെ വികസന വേഗത്തിന് വേണ്ടിയും സർക്കാർ എന്നും ഒപ്പമുണ്ടാകും.
- മന്ത്രി ഡോ. ആർ.ബിന്ദു