ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിലെ 28 വില്ലേജുകളിൽ നിന്നായി 230 ഓളം പട്ടയങ്ങൾ 28ന് നടക്കുന്ന പട്ടയമേളയിൽ വിതരണം ചെയ്യും. രാവിലെ 10ന് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ റവന്യൂ മന്ത്രി അഡ്വ. കെ. രാജൻ ഉദ്ഘാടനം ചെയ്യും. താലൂക്ക് കോൺഫറൻസ് ഹാളിൽ പട്ടയമേളയുടെ സംഘാടക സമിതി യോഗം ചേർന്നു. യോഗത്തിൽ മന്ത്രി ഡോ. ആർ. ബിന്ദു പട്ടയമേളയുടെ കാര്യങ്ങൾ വിശദീകരിച്ചു. അർഹതപ്പെട്ട എല്ലാവർക്കും പട്ടയങ്ങൾ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ ആവശ്യപ്പെട്ടു. ഇരിങ്ങാലക്കുട നഗരസഭാ വൈസ് ചെയർമാൻ ബൈജു കുറ്റിക്കാടൻ, വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സുധ ദിലീപ്, പഞ്ചായത്ത് പ്രസിഡന്റുമാരായ സുന്ദരി മോഹനൻ, ലിജി രതീഷ്, ജോസ് ജെ. ചിറ്റിലപ്പിള്ളി, ബിന്ദു പ്രദീപ്, നിഷ ഷാജി, എം.പിയുടെ പ്രതിനിധി കൃപേഷ് ചെമ്മണ്ട, ആർ.ഡി.ഒ: എം.സി. റെജിൽ, തഹസിൽദാർ കെ.എം. സാഹൂ എന്നിവർ സംസാരിച്ചു.