വടക്കാഞ്ചേരി: പ്രളയം തകർത്ത വിരുപ്പ് കൃഷിയുടെ വേദനകൾ മറന്ന് അതിജീവന പോരാട്ടവുമായി കർഷക സമൂഹം മുണ്ടകൻ കൃഷിയിലേക്ക്. മേലേതിൽ, എങ്കക്കാട് കിഴക്ക് പടിഞ്ഞാറ് പാടശേഖരങ്ങളിൽ 200 ഏക്കർ സ്ഥലത്താണ് ഇക്കുറി മുണ്ടകൻ കൃഷിയിറക്കുന്നത്. ഇതിന്റെ ഭാഗമായി യന്ത്ര ഞാറുനടീലിന് ഉത്സവനിറവിൽ തുടക്കമായി.

മഴ വിട്ടുനിൽക്കുന്നതിൽ അൽപ്പം ആശങ്കയുണ്ടെങ്കിലും കൃഷി വകുപ്പിന്റെ പൂർണ പിന്തുണ കർഷകർക്ക് ആശ്വാസമാണ്. ഉമ നെൽവിത്ത് ഉപയോഗിച്ചാണ് കൃഷി. ജനുവരി രണ്ടാം വാരം വിളവെടുപ്പ് നടത്താമെന്ന പ്രതീക്ഷയിലാണ് കൃഷിയിറക്കുന്നത്.

ഓണത്തിന് കണ്ണീര്

ഓ​ണ​ ​വി​പ​ണി​ ​ല​ക്ഷ്യ​മി​ട്ടിറക്കിയ 80​ ​ക​ർ​ഷ​ക​ ​കൂ​ട്ടാ​യ്മകളുടെ ​120 ഏക്കർ വിരുപ്പുകൃ​ഷിയാണ് കഴിഞ്ഞ ആഗസ്റ്റിൽ ​വെ​ള്ളം​ ​ക​യ​റി​ ​ന​ശി​ച്ച​ത്. നൂറു​മേ​നി​ ​വി​ള​വ് പ്രതീക്ഷിച്ച കർഷകർക്ക് കണ്ണീര് മാത്രമായിരുന്നു മിച്ചം. ​എ​ങ്ക​ക്കാ​ട് ​പ​ടി​ഞ്ഞാ​റ്,​ ​എ​ങ്ക​ക്കാ​ട് ​കി​ഴ​ക്ക്,​ ​മം​ഗ​ലം​ ​പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ആറടി പൊക്കത്തിലാണ് വെള്ളം കയറിയത്. ഒരേക്കറിൽ മാത്രം 2000 കിലോ നെല്ല് ലഭിക്കുമായിരുന്നത്രെ.

പരമ്പരാഗത കൃഷിരീതിയിൽ മാറ്റം; എല്ലാം യന്ത്രവത്കൃതം

പരമ്പരാഗത കൃഷിരീതിയിൽ അടിമുടി മാറ്റങ്ങളോടെയാണ് പുത്തൻ കൃഷിയിറക്കൽ. കന്നുപൂട്ട്, വരമ്പുനിർമ്മാണം, വിത്ത് വിത, നടീൽ, കൊയ്ത്ത് എന്നിവയെല്ലാം യന്ത്രങ്ങളാണ് നിർവഹിക്കുന്നത്. മരുന്ന് തളിക്കാൻ ഡ്രോണുമെത്തും. കർഷക തൊഴിലാളികൾ തൊഴിലുറപ്പ്‌ തൊഴിലാളികളായപ്പോൾ അന്യസംസ്ഥാന തൊഴിലാളികളെയാണ് കൃഷിപ്രവൃത്തികൾക്ക് ആശ്രയിച്ചിരുന്നത്. എന്നാൽ ഇവർ തങ്ങൾക്ക് നഷ്ടമുണ്ടാക്കുന്നതായാണ് കർഷകർ പറയുന്നത്.

പാലക്കാട് നിന്നുള്ള സംഘമാണ് യന്ത്ര നടീലിന് നേതൃത്വം നൽകുന്നത്. പായഞാറ്റടിയിൽ ഞാറ് നട്ട് നൽകിയാൽ പിന്നീട് വന്യമൃഗങ്ങളിൽ നിന്ന് സംരക്ഷണം അടക്കം പറിച്ച് നടീൽ വരെ ചെയ്ത് നൽകും. ഏക്കറിന് 5000 രൂപ നൽകിയാൽ മതി. വിത്ത് നൽകിയാൽ ട്രേഞാറ്റടി തയ്യാറാക്കി നട്ട് നൽകുന്നതിന് 6000 രൂപയാണ് നിരക്ക്.