
തൃശൂർ: കൊച്ചിൻ ദേവസ്വം ബോർഡിന്റെ ഡയാലിസിസ് കേന്ദ്രം തുറക്കും മുമ്പേ താഴിടേണ്ടി വന്നത് ദേവസ്വം ബോർഡ് മുൻ ഭരണ സമിതിയുടെ പിടിപ്പുകേടാലെന്ന് ആക്ഷേപം. ഇക്കാര്യത്തിൽ ഹൈക്കോടതിയുടെ മുൻകൂർ അനുമതി വാങ്ങുന്നതാണ് ഉചിതമെന്ന് ദേവസ്വം ബോർഡിന്റെ നിയമ വിഭാഗം ചൂണ്ടിക്കാണിച്ചിട്ടും അത് ഉൾക്കൊള്ളാനാകാഞ്ഞത് തിരിച്ചടിയായി.
ഇത്തരം സ്ഥാപനമാരംഭിക്കാൻ ദേവസ്വം നിയമപ്രകാരം സാദ്ധ്യമല്ലെന്ന് അറിഞ്ഞിട്ടും മുന്നോട്ടുപോയി. ജനങ്ങൾക്ക് ഏറെ ഉപകാര പ്രദമാകുമായിരുന്ന പദ്ധതിയായിരുന്നു ഡയാലിസിസ് കേന്ദ്രം. പലപ്പോഴും ഡയാലിസിസ് രോഗികൾക്ക് നിശ്ചിതതീയതിയിൽ കുറഞ്ഞചെലവിൽ ഡയാലിസിസിന് സംവിധാനം ലഭിക്കാത്ത അവസ്ഥയുണ്ട്. ഹൈക്കോടതിയുടെ മുൻകൂർ അനുമതി വാങ്ങിയിരുന്നെങ്കിൽ സന്നദ്ധ സംഘടനകളുടേതടക്കം ലക്ഷങ്ങൾ മുടക്കി പ്രവർത്തന സജ്ജമാക്കിയ ഡയാലിസിസ് കേന്ദ്രം തുറക്കാനാകുമായിരുന്നു.
കൊച്ചിൻ ദേവസ്വം ബോർഡും തിരുവനന്തപുരത്തെ ശ്രീ സത്യസായി ഓർഫനേജ് ട്രസ്റ്റ് കേരളയും തൃശൂർ ദയ ആശുപത്രിയും സംയുക്തമായാണ് ദേവസ്വം ബോർഡ് പരിധിയിലെ നിർദ്ധന വൃക്കരോഗികൾക്കായി ശ്രീധന്വന്തരി സത്യസായി സൗജന്യ ഡയാലിസിസ് എന്ന പേരിൽ കേന്ദ്രം തുറന്നത്. ദേവസ്വം ബോർഡ് മുമ്പാകെ സമർപ്പിക്കുന്ന രോഗികളുടെ അപേക്ഷകൾ ദയ ആശുപത്രിയാണ് പരിശോധിച്ച് ഡയാലിസിസിന് വിധേയമാക്കാമെന്ന് സാക്ഷ്യപ്പെടുത്തുക. രണ്ട് യന്ത്രങ്ങൾ റോട്ടറി ക്ലബാണ് നൽകിയത്. സായിബാബ കേന്ദ്രം ഉൾപ്പെടെ വിവിധ സംഘടനകൾ സ്‌പോൺസർമാരായും രംഗത്തെത്തി. ഇവിടെ 18 പേർക്ക് നിത്യേന സൗജന്യമായി ഡയാലിസിസ് ചെയ്യാം. ഇതിനിടെയാണ് ഹൈക്കോടതിയിൽ ഒരു വ്യക്തി പരാതി നൽകിയത്. ദേവസ്വം നിയമപ്രകാരം ദേവസ്വം ബോർഡിന് ഇത്തരം സ്ഥാപനം തുടങ്ങാനാകില്ലെന്നായിരുന്നു ഹൈക്കോടതിയുടെ വിധി.