
തൃശൂർ: അന്തരീക്ഷ ഊഷ്മാവ് അസാധാരണമായി കൂടിയാലും കണ്ടലുകൾ പ്രകാശസംശ്ളേഷണം നടത്തുമെന്നും അതിജീവിക്കുമെന്നുമുള്ള സുപ്രധാന കണ്ടെത്തലുമായി കേരള വനഗവേഷണ കേന്ദ്രം (കെ.എഫ്.ആർ.ഐ). വർദ്ധിക്കുന്ന ആഗോള താപനത്തിന്റെയും കാലാവസ്ഥാ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തിൽ കണ്ടൽക്കാടുകളുടെ പ്രാധാന്യം തെളിയിക്കുന്നതാണ് പഠനം.
ഏതാണ്ട് 55 ഡിഗ്രി സെൽഷ്യസ് താപനിലയിലും കാര്യമായ കോട്ടമില്ലാതെ പ്രകാശ സംശ്‌ളേഷണം നടത്താൻ ഇവയ്ക്കാകും. ലോകത്ത് ഇന്നേവരെ പഠനവിധേയമാക്കിയ മറ്റേത് ആവാസ വ്യവസ്ഥയേക്കാളും അതിജീവനത്തിന്റെ ഉയർന്ന തോതാണിത്. വലിയ ഇലകളുള്ള ഇനങ്ങൾക്ക് ചൂടിനെ അതിജീവിക്കാൻ ശേഷി കൂടും. ഇത്തരത്തിലുള്ളവയെ പ്രയോജനപ്പെടുത്തി ആഗോളതലത്തിൽ കണ്ടൽ പുനരുദ്ധാരണ പ്രവർത്തനം നടത്താം. താപപ്രതിരോധ ശേഷി കൂടുതലുള്ളവ നട്ടുപിടിപ്പിച്ച് ആഗോള താപനത്തെ പ്രതിരോധിക്കാം.
കേരളത്തിലെ പതിമൂന്നിനം കണ്ടലുകളിലെ പ്രകാശ സംശ്‌ളേഷണ പ്രവർത്തനം വിവിധ താപനിലകളിൽ നിരീക്ഷിച്ചായിരുന്നു പഠനം. വിശദാംശങ്ങൾ പ്രസിദ്ധ അന്താരാഷ്ട്ര ജേണലായ സയൻസ് ഒഫ് ടോട്ടൽ എൻവയോൺമെന്റിൽ പ്രസിദ്ധീകരിച്ചു. കെ.എഫ്.ആർ.ഐയിലെ അബ്ദുള്ള നസീഫ്, ഡോ.ശ്രീജിത്ത് കൽപ്പുഴ അഷ്ടമൂർത്തി, പൂനെ ഐസറിലെ ഡോ.ദീപക് ബറുവ എന്നിവരുടെ നേതൃത്വത്തിലുള്ള പഠനത്തിൽ അഖിൽ ജവാദ്, എ.കെ.കൗശൽ എന്നിവരും പങ്കാളികളായി. കണ്ടൽ ഇലകളിലെ താപനില ചുറ്റുമുള്ള വായുവിനേക്കാൾ ഉയർന്നതും നിർണായകമായ താപപരിധിക്ക് താഴെയും നിലനിൽക്കുന്നുവെന്നും കണ്ടെത്തി.
പഠന വിധേയമാക്കിയ ഇനങ്ങൾ
പൂക്കണ്ടൽ, ഉപ്പറ്റി, ചെറു ഉപ്പട്ടി, സ്വർണ്ണക്കണ്ടൽ, കുറ്റിക്കണ്ടൽ, പെനാക്കണ്ടൽ, മഞ്ഞക്കണ്ടൽ, എഴുത്താണിക്കണ്ടൽ, വള്ളിക്കണ്ടൽ, പ്രാന്തൻ കണ്ടൽ, നക്ഷത്രക്കണ്ടൽ, കടക്കണ്ടൽ, ചക്കരക്കണ്ടൽ.
കാലാവസ്ഥാ വ്യതിയാനം തീരദേശ പരിസ്ഥിതിക്ക് ഭീഷണിയായതിനാൽ താപ പ്രതിരോധശേഷിയുള്ള കണ്ടൽക്കാടുകളെ സംരക്ഷിക്കുകയും വ്യാപ്തി വർദ്ധിപ്പിക്കുകയും വേണം.
ഡോ.ശ്രീജിത്ത്.