പാവറട്ടി: വഴിയമ്പലത്തിൽ ഒത്തുകൂടിയവർക്ക് വിതരണം ചെയ്യാൻ മൺകലത്തിൽ മോരുംവെള്ളം തയ്യാർ, വിതരണം ചെയ്യാൻ സാംസ്‌കാരിക പ്രവർത്തകരും റെഡി. വഴിയമ്പലത്തെക്കുറിച്ചും ചുമടുമായി വരുന്ന വഴിപോക്കർക്ക് ആശ്വാസം നൽകുന്ന അത്താണിയെക്കുറിച്ചും ആയിരുന്നു എല്ലാവർക്കും പറയാനുണ്ടായിരുന്നത്. ചുക്കുബസാറിലെ വഴിയമ്പലത്തിന് സമീപം പ്രത്യേകം ഒരുക്കിയ വേദിയിൽ നടന്ന സർഗ സംവാദം എല്ലാം കൊണ്ടും വേറിട്ടുനിന്നു.
വിളക്കാട്ടുപാടം ദേവസൂര്യ കലാവേദി ആൻഡ് പബ്ലിക് ലൈബ്രറി, എപാർട്ടിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച 'വഴിയമ്പലത്തിലൊരു സർഗസംഗമം' പരിപാടിയാണ് അവിസ്മരണീയ അനുഭവമായി മാറിയത്. ചുക്കുബസാറിലെ വഴിയമ്പലം നവീകരണം അടുത്തിടെയാണ് പൂർത്തിയാക്കിയത്.
ഗുരുവായൂർ ദേവസ്വം ചുമർചിത്ര പഠന കേന്ദ്രം പ്രിൻസിപ്പൽ എം. നളിൻ ബാബു, മുല്ലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഒ.ജെ. ഷാജൻ, ചരിത്രകാരനായ സൈമൺ വേലുക്കാരൻ, ശ്രീദേവി ഡേവീസ്, സുബ്രഹ്മണ്യൻ, ജയ്‌സൺ ഗുരുവായൂർ, സിദ്ദിക്ക് കൈതമുക്ക്, കെ.എസ്. രാമൻ, സി.പി. വത്സല, എ.എൽ. കുരിയാക്കു, ജോസൺ, സി.പി. ജയൻ, റെജി വിളക്കാട്ടുപാടം, ഗ്രീഷ്മ സുനിൽ, റാഫി നീലങ്കാവിൽ എന്നിവർ ഓർമ്മകളും ചരിത്രവും പങ്കുവച്ചു.
പ്രതാപം വീണ്ടെടുത്ത് വഴിയമ്പലം
വർഷങ്ങൾക്കു മുമ്പ് ചക്കനാത്ത് പണംകെട്ടി തറവാട്ടുകാർ നിർമ്മിച്ചതാണ് വഴിയമ്പലം. തലച്ചുമട് ഇറക്കി വിശ്രമിക്കുന്നതിന് ഒരു ആൽത്തറയും ഇവിടെയുണ്ട്. ഒറ്റമുറിയുള്ള കെട്ടിടത്തിന്റെ മേൽക്കൂര കേടുവന്നതിനാൽ ഓടുകൾ വീണുപോയിരുന്നു. ഓടുകൾ മാറ്റി മേഞ്ഞ് കേടുവന്ന പഴമ ചോരാതെ മേൽക്കൂര പുനർനിർമ്മിച്ച് വെള്ളപൂശിയതോടെ പഴയ പ്രതാപം വീണ്ടെടുത്ത മട്ടിലാണ് വഴിയമ്പലം.