
ചാലക്കുടി: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ചാലക്കുടി എസ്.എച്ച് കോളേജുമായി സഹകരിച്ച് വെള്ളിയാഴ്ച മഹാതൊഴിൽ മേള പ്രയുക്തി 2024 സംഘടിപ്പിക്കും. നാൽപ്പതോളം പ്രമുഖ കമ്പനികൾ പങ്കെടുക്കും. എസ്.എസ്.എൽ.സി മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ളവർക്ക് സൗജന്യമായി മേളയിൽ പങ്കെടുക്കാം.
കേരളത്തിനകത്തും പുറത്തു നിന്നുമുള്ള കമ്പനികളാണ് ഉദ്യോഗ്യാർത്ഥികളുടെ അഭിരുചി പരിശോധിക്കുന്നത്. തൊഴിലവസരങ്ങൾക്ക് ഏറെ സാദ്ധ്യതയുമുണ്ടെന്ന് സംഘാടകർ പറഞ്ഞു. എസ്.എച്ച് കോളേജിൽ രാവിലെ 9.30ന് ബെന്നി ബഹനാൻ എം.പി ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് അദ്ധ്യക്ഷനാകും. ജില്ലാ ടൗൺ എംപ്ലോയ്‌മെന്റ് ഓഫീസർ എം.വി.സമീറ, ഗൈഡൻസ് ഓഫീസർ ഷാജു ലോനപ്പൻ, കോളേജ് പ്രിൻസിപ്പാൾ ഡോ.ഐറിൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.