1

തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്കിലേക്കുള്ള റോഡ് ആധുനിക രീതിയിൽ മോഡൽ റോഡായി പുനർ നിർമ്മിക്കുന്നതിന് ടെൻഡർ ക്ഷണിച്ചതായി റവന്യൂമന്ത്രി കെ.രാജൻ. കുട്ടനെല്ലൂർ ഓവർ ബ്രിഡ്ജിന് സമീപത്ത് നിന്നും ആരംഭിച്ച് പുത്തൂർ പയ്യപ്പിള്ളി മൂല വരെയുള്ള 3.70 കിലോമീറ്റർ ദൂരമാണ് ബി.എം.ബി.സി നിലവാരത്തിൽ പുനർ നിർമ്മിക്കുക.

33 കോടി ചെലവിൽ പത്ത് മീറ്റർ വീതിയിൽ റോഡും ഇരുഭാഗത്ത് നടപ്പാതകളുമായി 15 മീറ്റർ വീതിയുള്ള മോഡൽ റോഡാണ് നിർമ്മിക്കുക. 15 മാസക്കാലയളവിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കണമെന്ന നിബന്ധനയുള്ള ടെൻഡർ ഒക്ടോബർ പത്തിന് തുറക്കുന്നതോടെ നിർമ്മാണ പ്രവർത്തനം വേഗത്തിലാക്കാനാകും. നിലവിലുള്ള ഇടുങ്ങിയ റോഡ് 15 മീറ്റർ വീതിയിൽ വികസിപ്പിക്കാൻ ഭൂമി ഏറ്റെടുക്കാനും നിർമ്മിതികൾ പൊളിക്കാനുമുള്ള നടപടി പൂർത്തിയാക്കി വരികയാണ്. നിർമ്മിതികൾ പൊളിച്ചു മാറ്റി 15 മീറ്റർ വീതിയിൽ റോഡ് നിർമ്മിക്കാനാവശ്യമായ സ്ഥലം കിഫ്ബിക്ക് കൈമാറാനാകും. പുത്തൂർ പുഴയ്ക്ക് കുറുകെ പത്ത് കോടി ചെലവിൽ നിർമ്മിക്കുന്ന സമാന്തര പാലത്തിന്റെ ടെൻഡർ സെപ്തംബർ 28ന് തുറക്കും.

15 മീറ്ററിൽ മോഡൽറോഡ്

33 കോടി ചെലവ്

പത്ത് മീറ്റർ വീതിയിൽ റോഡ്

ഇരുഭാഗത്തുമായി 2.5 മീറ്ററിൽ നടപ്പാത

കൂടെ യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ചാർജും


നിലവിലെ റോഡിലുള്ള വൈദ്യുതി പോസ്റ്റും വാട്ടർ അതോറിറ്റി, ജലജീവൻ, ജലനിധി പദ്ധതികളുടെ ജലവിതരണ കുഴലും കേബിൾ ശൃംഖലകളും മാറ്റി സ്ഥാപിക്കാനുള്ള യൂട്ടിലിറ്റി ഷിഫ്റ്റിംഗ് ചാർജ്ജ് അടക്കമാണ് ടെൻഡർ തുക. ഇതോടെ റോഡ് നിർമ്മാണ പ്രവർത്തനം ഏറ്റെടുക്കുന്നവർക്ക് തന്നെ പ്രവർത്തനം പൂർത്തിയാക്കാനാകും.

ഒരു വർഷം 50 ലക്ഷത്തിലധികം ആളുകളെത്തുമെന്ന് കരുതുന്ന പാർക്കിലേക്കുള്ള റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ ഗതാഗത സംവിധാനം സുഗമമാകും

കെ.രാജൻ

മന്ത്രി