udf
1

കൊടുങ്ങല്ലൂർ : പുല്ലൂറ്റ് പാലം മുതൽ കരുപ്പടന്ന പാലം വരെയുള്ള നഗര പ്രദേശത്തെ അഞ്ച് കി.മീ. ദൂരം റോഡിന്റെ ശോചനീയാവസ്ഥയ്ക്ക് അടിയന്തര പരിഹാരം കാണണമെന്ന ആവശ്യവുമായി യു.ഡി.എഫ് മൂന്നാംഘട്ട സമരം തുടങ്ങി. പ്രദേശവാസികളിൽ നിന്ന് ഒപ്പ് ശേഖരണം നടത്തി ബന്ധപ്പെട്ടവർക്ക് നൽകുകയാണ് മൂന്നാംഘട്ട സമരം. യു.ഡി.എഫ് കോ-ഓർഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ ഒൻപത് മുതൽ വൈകിട്ട് ആറ് വരെ പുല്ലൂറ്റ് നാല് കേന്ദ്രങ്ങളിലാണ് ഒപ്പ് ശേഖരണം നടന്നത്. രാവിലെ ചാപ്പാറ സെന്ററിൽ നടന്ന യോഗത്തിൽ ഡി.സി.സി ജനറൽ സെക്രട്ടറി ടി.എം. നാസർ ഒപ്പ് ശേഖരണം ഉദ്ഘാടനം ചെയ്തു. വൈകിട്ട് നാരായണമംഗലം ജംഗ്ഷനിൽ നടന്ന സമാപന സമ്മേളനം മുസ്്‌ലിം ലീഗ് നിയോജക മണ്ഡലം സെക്രട്ടറി പി.ഐ. നിസാർ ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നടന്ന പരിപാടികൾക്ക് ഇ.എസ്. സാബു , പി.വി. രമണൻ, കെ.പി. സുനിൽകുമാർ, സി.എസ്. തിലകൻ, ടി.എ. നൗഷാദ്, കെ.ജി. മുരളീധരൻ, പി. ദിലീപ് തുടങ്ങിയവർ നേതൃത്വം നൽകി.

റോഡിന്റെ അവസ്ഥ ദയനീയം
പുല്ലൂറ്റ് പാലം മുതൽ കരുപ്പടന്ന പാലം വരെയുള്ള നഗര പ്രദേശത്തെ അഞ്ച് കി.മീ. ദൂരം റോഡ് തീർത്തും പരിതാപകരമായ അവസ്ഥയിലാണ്. റോഡ് തകർന്ന് മെറ്റലിലിളകി കുഴികൾ രൂപപ്പെട്ട് വാഹനയാത്ര അത്യന്തം ശോചനീയാവസ്ഥയിലായിരിക്കയാണ്. റോഡിലെ കുഴികളിൽ വീണ് നിരവധിപേർ അപകടങ്ങളിൽപ്പെടുകയും കഴിഞ്ഞദിവസം ചാപ്പാറയിൽ റോഡിലെ കുഴിയിൽ സൈക്കിൾ വീണ് ഒരാൾ മരിക്കുകയും ചെയ്തിരുന്നു. നിരവധി സംഘടനകൾ നിവേദനങ്ങളും പിന്നീട് മാർച്ചും നടത്തിയെങ്കിലും അധികൃതർ അനങ്ങാപ്പാറ നയം പിന്തുടർന്നു. ആദ്യഘട്ട സമരമെന്ന നിലയിൽ റോഡിലെ താത്കാലിക ഓട്ടയടയ്ക്കൽ നടപടികൾ യു.ഡി.എഫ് തടസ്സപ്പെടുത്തിയിരുന്നു. രണ്ടാംഘട്ടത്തിൽ എം.എൽ.എയുടെ വസതിയിലേക്ക് മാർച്ചും നടത്തിയിരുന്നു.