ഇരിങ്ങാലക്കുട : നഗരസഭയുടെ ഔദ്യോഗിക വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ നിന്നും യു.ഡി.എഫ് അംഗങ്ങളും സെക്രട്ടറിയും ഒഴിവായതിന്റെ കാരണം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് എൽ.ഡി.എഫ്-ബി.ജെ.പി അംഗങ്ങൾ രംഗത്തെത്തിയതോടെ കൗൺസിൽ യോഗം അലങ്കോലമായി. അടിയന്തരമായി വിഷയം ചർച്ച ചെയ്യാത്തതിലും ബഹളത്തിനിടെ യു.ഡി.എഫ് കൗൺസിലർ സഭ്യമല്ലാത്ത വാക്കുപയോഗിച്ചെന്നും മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം യോഗം ബഹിഷ്‌കരിച്ചു. ഇന്നലെ ചേർന്ന അടിയന്തര കൗൺസിൽ യോഗത്തിലാണ് അസാധാരണ രംഗങ്ങൾ. അജണ്ടയ്ക്ക് മുമ്പ് അഡ്വ. കെ.ആർ. വിജയയാണ് വിഷയം ഉന്നയിച്ചത്. വിഷയം അജണ്ടയ്ക്ക് ശേഷം ചർച്ച ചെയ്യാമെന്നും ചെയർമാൻ ഇൻ ചാർജ് ബൈജു കുറ്റിക്കാടൻ അറിയിച്ചെങ്കിലും എൽ.ഡി.എഫ്, ബി.ജെ.പി അംഗങ്ങൾ അടങ്ങിയില്ല. പ്രതിപക്ഷാംഗങ്ങൾ ചെയർമാന്റെ ഡയസ് വളഞ്ഞ് വിഷയം ഉടൻ ചർച്ച ചെയ്യണമെന്ന നിലപാട് ആവർത്തിച്ചു. ഇതോടെ യു.ഡി.എഫ് അംഗങ്ങളും ചെയർമാന് പിന്തുണയുമായി രംഗത്തെത്തി. ഇതിനിടെ യു.ഡി.എഫ് കൗൺസിലർ ബിജു പോൾ അക്കരക്കാരൻ നടത്തിയ പരാമർശം സഭ്യമല്ലാത്തതാണെന്നും മാപ്പ് പറയണമെന്നും എൽ.ഡി.എഫ് അംഗങ്ങൾ ആവശ്യപ്പെട്ടു. ബിജു പോൾ അക്കരക്കാരൻ മാപ്പ് പറയുകയോ അല്ലെങ്കിൽ കൗൺസിൽ യോഗത്തിൽ നിന്നും ആളെ മാറ്റി നിറുത്തുകയോ വേണമെന്ന് ബി.ജെ.പിയും ആവശ്യപ്പെട്ടു. പ്രതിപക്ഷം കൗൺസിൽ യോഗം ബഹിഷ്‌കരിച്ചതോടെ അജണ്ട പാസാക്കിയതായി അറിയിച്ച് യോഗം അവസാനിപ്പിച്ചു. നഗരസഭയിലെ വിവിധ റോഡുകൾ അറ്റകുറ്റപ്പണി ചെയ്യുന്നതും ഓൺ ഫണ്ട് ഭരണാനുമതി ലഭ്യമാക്കുന്നതടക്കമുള്ള വിഷയങ്ങളാണ് യോഗ അജണ്ടയായിരുന്നത്.

വാട്ട്‌സ് ആപ്പ് ഗ്രൂപ്പിൽ ഒരു എൽ.ഡി.എഫ് അംഗം പലപ്പോഴായി സഭ്യമല്ലാത്ത വാക്കുപയോഗിച്ചത് കാരണമാണ് അംഗങ്ങൾ വിട്ടുപോയത്.
-ബൈജു കുറ്റിക്കാടൻ
(നഗരസഭാ ചെയർമാൻ ഇൻ ചാർജ്)