1

തൃശൂർ : മുതിർന്ന നേതാവും സംസ്ഥാന വൈസ് പ്രസിഡന്റുമായ പി.കെ.രാജൻ മാസ്റ്ററെ സസ്‌പെൻഡ് ചെയ്തതോടെ എൻ.സി.പിയിലെ രണ്ട് വിഭാഗങ്ങൾ തമ്മിലുള്ള പോര് പുറത്തേക്ക്. തൃശൂരിൽ നിന്നുള്ള പ്രമുഖ നേതാവും ദേശീയ സമിതി അംഗവും കൂടിയാണ് രാജൻ. ജനറൽ ബോഡി തിരഞ്ഞെടുത്ത വൈസ് പ്രസിഡന്റിനെതിരെ നടപടിയെടുക്കാൻ സംസ്ഥാന പ്രസിഡന്റിന് അധികാരമില്ലെന്ന വാദവുമായി ശശീന്ദ്രൻ അനുകൂലികളായ നേതാക്കൾ രംഗത്തെത്തി. എ.കെ.ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയേണ്ടെന്നും സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയുടെ ഏകപക്ഷീയ നിലപാടുകൾക്കെതിരെ ചെറുത്തുനിൽക്കണമെന്നും കഴിഞ്ഞദിവസം യോഗം ചേർന്ന് ഇവർ തീരുമാനിച്ചിരുന്നു. ചാക്കോ കമ്മിറ്റിക്ക് വഴങ്ങണമെന്നതാണ് ഇവരുടെ പ്രഖ്യാപിത നിലപാട്.
അതേസമയം സംസ്ഥാന നേതൃത്വത്തിനെതിരെ രംഗത്തെത്തുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പായാണ് ചാക്കോ, രാജനെ സസ്‌പെൻഡ് ചെയ്തത്. പി.കെ.രാജൻ, സംസ്ഥാന ജനറൽ സെക്രട്ടറി എ.ബി.വല്ലഭൻ എന്നിവരുടെ നേതൃത്വത്തിലാണ് തൃശൂരിൽ ശശീന്ദ്രന് പിന്തുണയുമായി യോഗം ചേർന്നത്. ഇത് വിമത പ്രവർത്തനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്‌പെൻഷൻ. മറ്റ് മുതിർന്ന നേതാക്കളായ സെക്രട്ടറി രഘു കെ.മാരാത്ത്, ജില്ലാ വൈസ് പ്രസിഡന്റ് സി.എൽ.ജോയ്, പത്മിനി, മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.കെ.എൻ.വിവേകാനന്ദൻ, കെ.വി.പ്രവീൺ, യു.കെ.ഗോപാലൻ എന്നിവരടക്കമുള്ളവരും യോഗത്തിൽ പങ്കെടുത്തു. മന്ത്രിസ്ഥാനത്തേക്ക് തോമസ് കെ. തോമസിനെ നിയോഗിക്കാനുള്ള നീക്കത്തിന്റെ പേരിലാണ് കലഹം ഉടലെടുത്തിരിക്കുന്നത്. ശശീന്ദ്രൻ മന്ത്രിസ്ഥാനം ഒഴിയരുതെന്നും ഒഴിയുന്നുണ്ടെങ്കിൽ സംസ്ഥാന നേതാക്കളുടെ കൂടിയാലോചനയ്ക്ക് ശേഷമേ പാടുള്ളൂവെന്നും യോഗം ആവശ്യപെട്ടിരുന്നു.