
തൃശൂർ: വടക്കഞ്ചേരി- മണ്ണുത്തി ദേശീയപാതയിൽ പട്ടിക്കാട് കല്ലിടുക്കിൽ കാർ തടഞ്ഞ് യുവാക്കളെ ആക്രമിച്ച് രണ്ടര കിലോ സ്വർണ്ണാഭരണം കവർന്നു. തൃശൂർ കിഴക്കേകോട്ട നടക്കിലാൻ അരുൺസണ്ണി, പോട്ട സ്വദേശി റോജി എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് കല്ലിടുക്കിൽ അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് മൂന്ന് കാറുകളിലെത്തിയ സംഘം സിനിമാ സ്റ്റൈലിൽ തടഞ്ഞ് ആഭരണം കവർന്നത്. ഗുണ്ടാ സംഘമെന്നാണ് പ്രാഥമിക നിഗമനം.
അരുൺ സണ്ണി, റോജോ എന്നിവരെ രണ്ട് വാഹനങ്ങളിൽ തട്ടിക്കൊണ്ടുപോയി പിന്നീട് വഴിയിൽ ഉപേക്ഷിച്ചു. അരുണിനെ മരത്താക്കര കുഞ്ഞനംപാറ ഭാഗത്തും റോജോയെ പുത്തൂർ ഇരവിമംഗലത്തുമാണ് ഉപേക്ഷിച്ചത്. ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം.
പണി കഴിഞ്ഞ് ആഭരണങ്ങളുമായി കോയമ്പത്തൂരിൽ നിന്നു രാവിലെ എട്ടരയോടെയാണ് പുറപ്പെട്ടത്. പത്തരയോടെ കല്ലിടുക്കിലെത്തി. കാർ തടഞ്ഞ് സ്വർണം കവരുന്ന ദൃശ്യം തൊട്ടുപിന്നിലുണ്ടായിരുന്ന ബസിലെ സി.സി.ടി.വി ക്യാമറയിൽ പതിഞ്ഞിരുന്നു. ബസുകാർ ഉടനെ പീച്ചി പൊലീസിൽ അറിയിച്ചു.
അന്വേഷണം നടക്കുന്നതിനിടെയാണ് ആക്രമണത്തിനിരയായ ടോജോ ഓട്ടോയിൽ ഒല്ലൂർ പൊലീസിലെത്തി വിവരം പറയുന്നത്. ഇതിനകം അരുണിനെയും കണ്ടെത്തി. പരിക്കേറ്റ അരുണിനെ ഒല്ലൂർ പൊലീസ് ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് പീച്ചി പൊലീസിനെ വിവരമറിയിച്ചു. പീച്ചി പൊലീസ് കേസെടുത്ത് അന്വേഷണം വ്യാപിപ്പിച്ചു.