1

തൃശൂർ: പൊലീസ് സ്റ്റേഷനിലെ സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായം സിറ്റി പൊലീസ് കമ്മീഷണറെ നേരിട്ട് അറിയിക്കാം. സ്റ്റേഷനിൽ എത്തുന്ന പൊതുജനങ്ങൾക്ക് ഇനി ക്യൂ.ആർ കോഡിലൂടെ അഭിപ്രായം രേഖപ്പെടുത്തുന്നതാണ് സംവിധാനം. കമ്മിഷണർക്കു നേരിട്ടു ലഭിക്കുന്ന ഈ അഭിപ്രായങ്ങൾ പരിശോധിച്ച് പരിഹാരം വേണമെങ്കിൽ ഉടൻ ലഭ്യമാക്കുന്നതിനും സ്റ്റേഷനിലെത്തുന്നവർക്ക് ബുദ്ധിമുട്ടില്ലാതെ സേവനം ലഭ്യമാകുന്നുണ്ടോയെന്ന് അറിയാനുമാണിത്.

പൊതുജനങ്ങൾ നൽകുന്ന പരാതിക്ക് രസീതി ലഭിക്കുന്നുണ്ടോയെന്ന് അറിയാൻ മാത്രമായിരുന്നു നേരത്തെയുള്ള സംവിധാനം. എന്നാൽ പുതിയ സംവിധാനത്തിലൂടെ സ്റ്റേഷനിലെ മുഴുവൻ സേവനങ്ങളെക്കുറിച്ചുള്ള അഭിപ്രായങ്ങളും ജനങ്ങൾക്ക് രേഖപ്പെടുത്താനാകും. ഇതോടൊപ്പം പൊലീസ് ഉദ്യോഗസ്ഥരുടെ ക്ഷേമം ഉറപ്പാക്കുന്നതിന് രൂപീകരിച്ച സീഡ് പദ്ധതിയുടെ ഭാഗമായി സ്റ്റേഷനിലെ ഉദ്യോഗസ്ഥൻമാർക്ക് തങ്ങളുടെ ഡ്യൂട്ടി, ക്ഷേമം തുടങ്ങിയവയിലുള്ള അഭിപ്രായം രേഖപ്പെടുത്തുന്നതിനായും ക്യു.ആർ കോഡ് സംവിധാനവും ലഭ്യമാക്കുന്നുണ്ട്.

പരീക്ഷണാടിസ്ഥാനത്തിൽ 8 സ്റ്റേഷനുകളിലാണ് പുതിയ ക്യു.ആർ കോഡ് സംവിധാനം ഉണ്ടായിരുന്നത്. പൊതുജനങ്ങളുടെ പ്രതികരണം അറിഞ്ഞശേഷം സിറ്റിയിലെ എല്ലാ സ്റ്റേഷനുകളിലേക്കും വ്യാപിപ്പിക്കും. ഒക്ടോബർ 2 മുതൽ പ്രാബല്യത്തിൽ വരുന്ന സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം.

- ആർ. ഇളങ്കോ, സിറ്റി കമ്മിഷണർ