ചേർപ്പ് : മഴ പെയ്താൽ ചളി മയം, നിറയെ വെള്ളക്കെട്ടും. ലക്ഷങ്ങൾ ചെലവാക്കി നവീകരിച്ച വല്ലച്ചിറ മിനി സ്റ്റേഡിയത്തിന്റെ സ്ഥിതിയാണിത്. ചളിയും വെള്ളക്കെട്ടും സ്ഥിരമായതോടെ കായികപ്രേമികൾ ഈ ഗ്രൗണ്ടിനെ കൈയൊഴിഞ്ഞിരിക്കയാണ്. ഏറ്റവുമൊടുവിൽ വല്ലച്ചിറ പഞ്ചായത്ത് ഗ്രാമോത്സവത്തിലെ കായിക മത്സരങ്ങളും ഇത്തരത്തിൽ ഗ്രൗണ്ടിലെ ചളി മൂലം മാറ്റിവച്ചവയിൽപ്പെടും.
സ്വാതന്ത്രസമര സേനാനിയായിരുന്ന എം.എൻ. നായർ സ്മാരക മിനി ഗ്രൗണ്ടാണ് (വല്ലച്ചിറ മിനി സ്റ്റേഡിയം) ആളുകൾക്ക് പ്രയോജനമില്ലാതെ നശിക്കുന്നത്. മുൻവശത്ത് വലിയ ഇരുമ്പ് ഗേറ്റും കവാടവും സ്ഥാപിച്ച് രണ്ട് ഘട്ടങ്ങളായി 85 ലക്ഷം രൂപ ചെലവാക്കി പഞ്ചായത്ത് നവീകരിച്ച സ്റ്റേഡിയം നാളുകളായി കന്നുകാലികൾക്ക് മേയാനുള്ള ഇടമാണ്. നിറയെ പുല്ലുകൾ വളർന്നതിനാൽ കന്നുകാലികൾക്കുള്ള തീറ്റയും ഉഷാർ. ആരും തിരിഞ്ഞു നോക്കാത്തതിനാൽ വിശ്രമവും നടക്കും. ഗ്രൗണ്ടിന് മുൻവശം കൂറ്റൻ ഗേറ്റും കവാടവുമുണ്ടെങ്കിലും ചുറ്റുമതിൽ ഇല്ലാത്തതിനാൽ ആർക്കും എപ്പോഴും കയറിച്ചെല്ലാം. കന്നുകാലികളും തെരുവ് നായകളും യഥേഷ്ടം തമ്പടിക്കുന്ന കേന്ദ്രമായി മാറിയിരിക്കയാണ് ഇവിടം. ചുറ്റുമതിൽ കെട്ടി ഗ്രൗണ്ടിൽ നിന്ന് വെള്ളം ഒഴുകിപ്പോകുന്ന രീതിയിൽ ക്രമീകരിച്ച് ദയനീയാവസ്ഥയ്ക്ക് പരിഹാരം കാണാൻ അധികൃതർ സത്വര നടപടി സ്വീകരിക്കണമെന്നാണ് ഉയരുന്ന ജനകീയാവശ്യം. ഗ്രൗണ്ടിനോടുള്ള പഞ്ചായത്ത് അനാസ്ഥയ്‌ക്കെതിരെ വല്ലച്ചിറ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഇന്ന് രാവിലെ 10ന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സമരം നടത്തും. ഡി.സി.സി. ജനറൽ സെക്രട്ടറി ടി.എം. ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
നിർമ്മാണം തീർത്തും അശാസ്ത്രീയം
തീർത്തും അശാസ്ത്രീയമായാണ് ഗ്രൗണ്ട് നിർമ്മിച്ചിട്ടുള്ളത്. വെള്ളം ഒഴുകിപ്പോകുന്ന രീതിയിലല്ലാ ഗ്രൗണ്ട് ക്രമീകരിച്ചിട്ടുള്ളത്. മഴ പെയ്താൽ ഗ്രൗണ്ടിൽ വെള്ളം കെട്ടി നിൽക്കുന്നതും അതിനാലാണ്. ഗ്രൗണ്ട് മണ്ണിട്ട് ഉയർത്തി വെള്ളം ഒഴുകിപ്പോകാൻ പറ്റുന്ന രീതിയിൽ സംവിധാനം ഒരുക്കുകയാണ് വേണ്ടതെങ്കിലും അതൊന്നുമുണ്ടായില്ല. ഫുട്ബാൾ മത്സരം നടത്താൻ പോലുമുള്ള വീതി ഗ്രൗണ്ടിനില്ലെന്നാണ് കായിക പ്രേമികളുടെ ആക്ഷേപം.
മിനി സ്റ്റേഡിയം പുനർനവീകരണത്തിന് വേണ്ട നടപടികൾക്കായി സ്‌പോർട്‌സ് കൗൺസിലിന് നിവേദനം നൽകിയിട്ടുണ്ട്. കൗൺസിൽ നൽകുന്ന എസ്റ്റിമേറ്റ് സർക്കാറിന് സമർപ്പിച്ച് സ്റ്റേഡിയ നവീകരണ തുടർപ്രവർത്തനങ്ങൾ നടത്തും.
- എൻ. മനോജ്
(വല്ലച്ചിറ പഞ്ചായത്ത് പ്രസിഡന്റ്)