1

തൃശൂർ: ഒരു കാലത്ത് നഗരത്തിന്റെ കുപ്പത്തൊട്ടി ലാലൂരായിരുന്നെങ്കിൽ ഇപ്പോൾ കുരിയച്ചിറയ്ക്കാണ് ദുരിതം. ആയിരക്കണക്കിന് പേർ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ 200 കുടുംബങ്ങൾക്കാണ് കൂടുതൽ ദുരിതം. കുരിയച്ചിറയിലെ അറവുശാല, മാലിന്യ സംസ്‌കരണ പ്ലാന്റ്, ശ്മശാനം, മൃഗങ്ങളെ മറവുചെയ്യൽ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രവർത്തനത്താൽ ജലസ്രോതസുകൾ മലിനമാണ്. അറവുശാലയ്ക്ക് അടുത്ത് തന്നെയാണ് അറവുമാലിന്യവും തള്ളുന്നത്. ഇതിന്റെ ചോരയും മറ്റും റോഡുകളിലേക്ക് ഉൾപ്പെടെ ഒലിച്ചിറങ്ങുന്നുണ്ട്. ജനാരോഗ്യത്തിന് ദോഷകരമാകുന്ന അറവുശാല അടച്ചുപൂട്ടണമെന്ന ആവശ്യത്തിന് പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

87% വെള്ളത്തിലും കോളിഫാം
പ്രദേശത്തെ 87 ശതമാനം കുടിവെള്ളത്തിലും കോളിഫാം ബാക്ടീരയയുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. കൂടാതെ 62 ശതമാനം വെള്ളത്തിൽ പി.എച്ച് മൂല്യം അസിഡിക് ആണെന്നാണ് കണ്ടെത്തൽ. അറവുശാലയിൽ നിന്ന് ഒലിച്ചിറങ്ങുന്ന മാലിന്യം കിണറുകളിലേക്ക് ഒഴുകിയെത്തുന്നതും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. അറുപത് ശതമാനത്തോളം പട്ടികജാതി വിഭാഗക്കാർ താമസിക്കുന്ന പ്രദേശത്തെ ജീവിതം അത്യന്തം ദുഷ്‌കരമാണ്.

മെഷീൻ എത്തിച്ചു,​ സ്ഥാപിച്ചില്ല

കുരിച്ചിറയിലെ മാലിന്യപ്രശ്‌നത്തിന് പരിഹാരം കാണുന്നതിനായി ഒ.ഡബ്‌ളിയു.സി പ്ലാന്റിൽ പുതിയ യന്ത്രം ഇറക്കിയിട്ട് മാസങ്ങളായി. ലക്ഷങ്ങൾ ചെലവഴിച്ച് യന്ത്രം കൊണ്ടുവന്നെങ്കിലും സ്ഥാപിക്കാൻ ഇതുവരെ കോർപറേഷൻ അധികൃതർ തയ്യാറായിട്ടില്ല.

വീടുകളിൽ നിന്ന് എടുക്കുന്നത് പ്ലാസ്റ്റിക് മാത്രം
കോർപറേഷൻ പരിധിയിൽ വീടുകൾ, ഫ്‌ളാറ്റുകൾ, സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ശേഖരിക്കുന്നത് പ്ലാസ്റ്റിക് മാലിന്യം മാത്രം. ഭക്ഷണ സാധനങ്ങൾ സംസ്‌കരിക്കാൻ സാധിക്കാത്തതിനാൽ ആയിരക്കണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ടുന്നത്. സ്ഥാപനങ്ങളിൽ ഭക്ഷണം കൊണ്ടുവരുന്നവർ പോലും അവശിഷ്ടങ്ങൾ കളയാനാകാത്ത സ്ഥിതിയിലാണ്. ഇതിന് സംവിധാനം ഉണ്ടാക്കാനും കോർപറേഷന് കഴിയുന്നില്ല.

നഗരത്തിൽ 68 പേർക്ക് ഡെങ്കി
മാലിന്യം കുന്നുകൂടിയതോടെ നഗരപരിധിയിൽ മാത്രം ഈ മാസം ഇതുവരെ എഴുപതോളം പേർക്കാണ് ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്തത്. അറവുമാലിന്യപ്രശ്‌നം അടക്കം അനുഭവപ്പെടുന്ന കുരിയച്ചിറ പ്രദേശത്ത് ഉൾപ്പെടെ വെള്ളംകെട്ടി നിന്നും മാലിന്യം നിറഞ്ഞും ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. എലിപ്പനിയും മുൻകാലങ്ങളെക്കാൾ കൂടുതലാണ്.

ജലസ്രോതസുകൾ ഗുരുതരമായി മലിനമാകുകയാണ്. സൗജന്യ കുടിവെള്ള പരിശോധന നടത്തിയപ്പോഴാണ് ഇത്രയും വീടുകളിലെ വെള്ളത്തിൽ കോളിഫാം അടങ്ങിയതായി കണ്ടെത്തിയത്.
- ടി.ടി. ജോസ്, കുരിയച്ചിറ യുണൈറ്റഡ് ഡെവലപ്പ്‌മെന്റ് അസോസിയേഷൻ