 
വടക്കാഞ്ചേരി: ടൂറിസം സാദ്ധ്യതകളെ പരമാവധി പ്രയോജനപ്പെടുത്താനുള്ള വടക്കാഞ്ചേരിയുടെ സ്വപ്ന പദ്ധതി യാഥാർത്ഥ്യത്തിലേക്ക്. കഴിഞ്ഞ മൂന്ന് വർഷത്തിനകം വടക്കാഞ്ചേരി ഹിൽ ടൂറിസം സർക്യൂട്ടിനായി 15 കോടി രൂപയോളം സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. വാഴാനി ഡാം, ചെപ്പാറ, പേരേപ്പാറ, പൂമല ഡാം, ചാത്തൻചിറ, വിലങ്ങൻ കുന്ന് എന്നീ സഞ്ചാര കേന്ദ്രങ്ങളെയും അടാട്ട്, തോളൂർ, പഞ്ചായത്തുകളിലെ കോൾപ്പാടങ്ങളെയും ബന്ധിപ്പിച്ച് ഒരു ദിവസം കൊണ്ട് സന്ദർശിക്കാവുന്ന വിധം ക്രോഡീകരിക്കുന്ന സഞ്ചാരമാർഗവും പദ്ധതികളുമാണ് പദ്ധതിയുടെ ലക്ഷ്യം.
കൊച്ചി, കോയമ്പത്തൂർ, കോഴിക്കോട് എയർ പോർട്ടുകളിൽ നിന്ന് വടക്കാഞ്ചേരി ടൂറിസം സർക്യൂട്ടിലേക്ക് എളുപ്പമെത്താമെന്നതും സഞ്ചാരികൾക്ക് ഗുണകരമാകും. അഡ്വഞ്ചറിസ്റ്റ് ടൂറിസം, റോവിംഗ്, ബോട്ടിംഗ്, ഇവന്റ് നടത്തിപ്പുകൾ തുടങ്ങി എല്ലാ സാദ്ധ്യതകളും ഉപയോഗിക്കാനുമാകും. നല്ല റോഡുകൾ, നാച്വറൽ റിസോർട്ടുകൾ, ഭക്ഷണ ശാലകൾ എന്നിവയും ഒരുക്കിയാൽ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാകും. എയർപോർട്ട് ടു എയർപോർട്ട് ഇടനാഴിയും പദ്ധതിയിലുണ്ട്. സഞ്ചാരികളുടെ സൗകര്യത്തിനായി ടൂറിസം കലണ്ടറും പ്രസിദ്ധീകരിക്കും.
വടക്കാഞ്ചേരി പുഴയോരത്ത് തൃശൂർ വടക്കെച്ചിറ മാതൃകയിൽ വിശ്രമ കേന്ദ്രങ്ങൾ ഒരുക്കുന്നതും പദ്ധതിയിലുണ്ട്. ഹിൽ സർക്യൂട്ടിന്റെ രൂപരേഖ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ തയ്യാറാക്കും.
പദ്ധതിയുടെ ട്രയൽ റൺ ഇന്നലെ നടന്നു. സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എയ്ക്കൊപ്പം പഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.വി. സുനിൽകുമാർ, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.സി. സജീന്ദ്രൻ, പി.ആർ. രാധാകൃഷ്ണൻ, ഉദ്യോഗസ്ഥരായ സി. വിജയരാജ്, പ്രേംദാസ്, ശാരിക, രൂപേഷ് എന്നിവരും ഉണ്ടായിരുന്നു.
വടക്കാഞ്ചേരി ടൂറിസം പദ്ധതി
മലനാട് ഇടനാട് തീരപ്രദേശത്തിന്റെ സംയോജനം, ചാത്തൻചിറ, വാഴാനി ഡാം, പേരേപ്പാറ, ചെപ്പാറ, പത്താഴക്കുണ്ട് ഡാം, പൂമല ഡാം, വിലങ്ങൻകുന്ന്, അടാട്ട് - തോളൂർ കോൾപ്പാടങ്ങൾ എന്നീ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിച്ചാണ് സർക്യൂട്ട്. അഡ്വഞ്ചറിസ്റ്റ് റോവിംഗ്, ബോട്ടിംഗ്, ഇവന്റ്‌സ്, നാച്വറൽ റിസോർട്ടുകൾ തുടങ്ങിയ സാദ്ധ്യതകൾ ഇവിടങ്ങളിൽ ഒരുക്കും. സർക്യൂട്ടിന്റെ വിവരങ്ങൾ ഉൾപ്പെടുത്തിയുള്ള ടൂറിസം കലണ്ടർ പ്രസിദ്ധീകരിക്കുന്നത് സഞ്ചാരികൾക്ക് സൗകര്യപ്രദമാകും. സുഗമയാത്രയ്ക്ക് എയർപോർട്ട് ടു എയർപോർട്ട് ഇടനാഴിയും ഒരുക്കും.
കേരളഭൂപ്രകൃതിയുടെ എല്ലാ സവിശേഷതകളും മനോഹാരിതയും ഒത്തിണങ്ങിയ വടക്കാഞ്ചേരിയെ ലോകത്തിന് പരിചയപ്പെടുത്തുന്നതാകും ഹിൽ ടൂറിസം സർക്യൂട്ട്.
- സേവ്യർ ചിറ്റിലപ്പിള്ളി എം.എൽ.എ