പ്രതീക്ഷയോടെ കർഷകർ
വടക്കാഞ്ചേരി: മുണ്ടകൻ കൃഷിക്കായ് വാഴാനി ഡാം തുറന്നു. അധികജലം ഒഴുകി വടക്കാഞ്ചേരി, കേച്ചേരി, മുക്കോല പുഴകളിലെയും ഇറിഗേഷൻ കനാലിലെയും ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ നാല് ഘട്ടങ്ങളിലായാണ് കനാൽ തുറന്ന് ജല വിതരണം നടത്തുന്നത്. തെക്കുംകര,വടക്കാഞ്ചേരി, എരുമപ്പെട്ടി, മുണ്ടത്തിക്കോട്, വേലൂർ മേഖലകളിലെ മുണ്ടകൻ കൃഷിക്കാണ് വെള്ളം ഉപയോഗിക്കുന്നത്. കൃഷി ആരംഭിക്കുന്ന സെപ്റ്റംബർ ആദ്യവാരത്തിൽ മഴ കുറഞ്ഞതും ഞാറുനടീൽ പൂർത്തിയായി വരുന്ന സമയത്ത് പാടശേഖരങ്ങളിൽ ആവശ്യത്തിന് വെള്ളമില്ലാത്തതിനാലുമാണ് ഡാം തുറന്നത്.
ഡാമിലെ പരമാവധിജലനിരപ്പ് 62.48 മീറ്ററാണ്. ഇപ്പോൾ 60.18 മീറ്റർ ജലമുണ്ട്. പരമാവധി സംഭരണ ശേഷിയുടെ 80 ശതമാനമാണിത്.
തുലാവർഷ മഴയാണ് കർഷകരുടെ പ്രതീക്ഷ.
വാഴാനി കനാൽ ശുചീകരിച്ച്
തൊഴിലുറപ്പ് തൊഴിലാളികൾ
മുൻകാലങ്ങളിൽ ലക്ഷങ്ങൾ ചെലവഴിച്ച് ശുചീകരിച്ച വാഴാനി കനാൽ ഇത്തവണ ശുചീകരിച്ചത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളികൾ. ജെ.സി.ബി. ഉപയോഗിച്ച് ചെയ്ത പ്രവൃത്തിയാണ് വനിതകൾ അടങ്ങിയ തൊഴിലുറപ്പ് തൊഴിലാളികൾ ഏറ്റെടുത്തത്. കനാലിനുള്ളിലെ ചേറും,മണ്ണും നീക്കം ചെയ്ത് പൊന്തക്കാടുകൾ വെട്ടിമാറ്റി.