പുതുക്കാട് : തോട്ടുമുഖം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുടെ രണ്ടാം ഘട്ടം പ്രവൃത്തികൾ 30 ന് ആരംഭിക്കും. പദ്ധതി പ്രദേശമായ വരന്തരപ്പിള്ളി പഞ്ചായത്തിൽ ജലസേചനം ലക്ഷ്യമിട്ടാണ് രണ്ടാം ഘട്ടം. തോട്ടുമുഖത്ത് നിന്നും പമ്പ് ചെയ്ത് പഞ്ചായത്തിലെ ഉയർന്ന പ്രദേശത്ത് വെള്ളം എത്തിച്ച് ജലസേചനമാണ് രണ്ടാം ഘട്ടം ലക്ഷ്യമിടുന്നത്. കുറുമാലി പുഴയിൽ തോട്ടുമുഖത്ത് മോട്ടോർ സ്ഥാപിച്ച് പൈപ്പ് വഴി പീച്ചി കനാലിൽനിന്ന് തൃക്കൂർ അളഗപ്പനഗർ, പുതുക്കാട്, നെന്മണിക്കര പഞ്ചായത്തുകളിൽ വെള്ളമെത്തിച്ച് ജലസേചനമായിരുന്നു ആദ്യഘട്ടം. രണ്ടാം ഘട്ടം കെ.കെ. രാമചന്ദ്രൻ എം.എൽ.എ. നിർമ്മാണോദ്ഘാടനം നിർവഹിക്കും. പുതുക്കാട് മണ്ഡലം വികസന പ്രവർത്തനങ്ങളുടെ അവലോകനയോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. തലോർ തൈക്കാട്ടുശ്ശേരി റോഡ്, പല്ലിശ്ശേരി ചർച്ച് റോഡ്, ചെങ്ങാലൂർ മണ്ണംപേട്ട റോഡ്, പുതുക്കാട് മുപ്ലിയം കോടാലി റോഡ് തുടങ്ങിയ റോഡുകളിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവൃത്തികളും ഉടൻ ആരംഭിക്കും. പള്ളിക്കുന്ന് പാലപ്പിള്ളി റോഡ് നവീകരണ പ്രവൃത്തികൾ ടെൻഡർ നടപടികളിലാണ്. കരാറുകാരനെ ഒഴിവാക്കിയ കുറുമാലി തൊട്ടിപ്പാൾ മുളങ്ങ് റോഡിലെ വാട്ടർ അഥോറിറ്റി പ്രവൃത്തികൾ 30 ന് പൂർത്തിയാകും. പുതുക്കാട് മിനി സിവിൽ സ്‌റ്റേഷൻ നിർമ്മാണത്തിന്റെ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. പുതുക്കാട് റെയിൽവേ ഓവർബ്രിഡ്ജ് നിർമ്മണത്തിതിന് റെയിൽവേയുടെ അനുമതിക്ക് ചെന്നൈ ഓഫീസിലേക്ക് കൈമാറിയതായും ഉദ്യോഗസ്ഥർ അറിയിച്ചു. ചെമ്പൂച്ചിറ സ്‌കൂളിൽ 50 ലക്ഷം രൂപയുടെ പ്രവൃത്തകൾ പൂർത്തിയായെന്നും 81 ലക്ഷം രൂപയുടെ ബാക്കി പ്രവൃത്തികൾ ഉടൻ ആരംഭിക്കും. നന്തിക്കര സ്‌കൂളിന്റെ നിർമ്മാണ നടപടികൾ പൂർത്തീകരിച്ചു. വെള്ളിക്കുളങ്ങര,കന്നാറ്റുപാടം, വല്ലച്ചിറ, ഗവൻമെന്റ് സ്‌കൂളുകളുടെ കെട്ടിട നിർമാണത്തിനുള്ള പ്രാഥമിക നടപടികൾ പുരോഗമിക്കുകയാണ്.യോഗത്തിൽ മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡന്റുമാർ,നോഡൽ ഓഫീസർ ബിന്ദു പർവേസ് , വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.



മണ്ഡലത്തിൽ വികസനം