കുന്നംകുളം: വീടുകളിൽനിന്നും സ്ഥാപനങ്ങളിൽനിന്നും സാനിറ്ററി പാഡുകൾ, ഡയപ്പർ, സിറിഞ്ച്, മറ്റ് ബയോ മെഡിക്കൽ മാലിന്യങ്ങൾ ശേഖരിച്ച് ശാസ്ത്രീയ സംസ്‌കരിക്കാൻ കുന്നംകുളം നഗരസഭ. മാലിന്യ ശേഖരണം ആക്രി ആപ്പ് ഉപയോഗിച്ചാണ് നടപ്പാക്കുന്നത്.ആക്രി ആപ്പിന്റെ സഹായത്തോടെ പൊതുജനങ്ങൾക്ക് ഇനി വീട്ടിൽനിന്ന് തന്നെ സാനിറ്ററി ബയോമെഡിക്കൽ മാലിന്യങ്ങൾ കൈമാറാം. കൈമാറുന്ന മാലിന്യത്തിന് കിലോഗ്രാമിന് 44 രൂപയും ജി.എസ്.ടിയും ഉപഭോക്താവ് നൽകണം. ആക്രി ആപ്പ് സംവിധാനത്തിൽ പ്രവർത്തിക്കുന്ന വാഹനം വീടുകളിൽ നേരിട്ടെത്തി മാലിന്യങ്ങൾ ശേഖരിക്കും. ചെയർപേഴ്‌സൺ സീത രവീന്ദ്രൻ ആക്രി ആപ്പ് വാഹനം ഫ്‌ളാഗ് ഓഫ് ചെയ്തു. വൈസ് ചെയർപേഴ്‌സൺ സൗമ്യ അനിലൻ അദ്ധ്യക്ഷത വഹിച്ചു. പി. എം സരേഷ്, ടി. സോമശേഖരൻ, പ്രിയ സജീഷ്, കെ.ബി. വിശ്വനാഥൻ തുടങ്ങിയവർ പങ്കെടുത്തു.
ആക്രി ആപ്പ് പ്ലേ സ്റ്റോറിൽ
ആക്രി ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം. സേവനം ലഭിക്കേണ്ട വീട്, സ്ഥാപനം എന്നിവ രജിസ്റ്റർ ചെയ്ത് എളുപ്പത്തിൽ സാനിറ്ററി-ബയോ മെഡിക്കൽ മാലിന്യങ്ങൾ കൈമാറാം. കൊച്ചിയിൽ പ്രവർത്തിക്കുന്ന എ ഫോർ മെർക്കന്റിൽസ് എന്ന സ്ഥാപനമാണ് ആക്രി ആപ്പിലൂടെ ഇവ സംഭരിച്ച് ശാസ്ത്രീയ സംസ്‌കരണം നടത്തുന്നത്. ടോൾ ഫ്രീ നമ്പറിലും (1800 890 5089) സേവനം ലഭിക്കും. കിടപ്പ് രോഗികളെയും അതിദരിദ്ര കുടുംബങ്ങളെയും പദ്ധതിയിൽ ഉൾപ്പെടുത്തി സൗജന്യ സേവനം നൽകാനും പദ്ധതിയുണ്ട്.