തിരുവില്വാമല: അഗ്‌നിബാധ ഭീതി അകറ്റാൻ വില്വാദ്രിനാഥ ക്ഷേത്രത്തിൽ ഫയർ ഹൈഡ്രന്റ് സിസ്റ്റം. അവിചാരിതമായി അഗ്‌നിബാധ സംഭവിക്കുകയാണെങ്കിൽ ക്ഷേത്രവും പരിസരങ്ങളും തീയിൽ നിന്നും സംരക്ഷിക്കുക എന്നതാണ് ലക്ഷ്യം. ക്ഷേത്രത്തിൽ 2018 ൽ അഗ്‌നിബാധ ഉണ്ടായിരുന്നു. തുടർന്ന് ക്ഷേത്രമേൽകൂരയും മറ്റും നശിച്ചിരുന്നു. തുടർന്നുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുകയാണ്. ക്ഷേത്രത്തിന് ചുറ്റും ഏകദേശം 600 അടിയിൽ കൂടുതൽ നീളത്തിൽ പൈപ്പ് ലൈൻ സ്ഥാപിച്ചാണ് അഗ്‌നിബാധ തടയുന്നതിനുള്ള സിസ്റ്റം പ്രവർത്തന ക്ഷമമായിരിക്കുന്നത്. 4 ഫയർഹൈഡ്രന്റ് വാൽവുകളും 8 ഫയർ ഹോസ് റീൽ വാൽവുകളും സ്ഥാപിച്ചിട്ടുണ്ട്. ക്ഷേത്രത്തിന് പുറത്തുള്ള ഫയർ ഹോസ് റീലുകളിൽ നിന്നും ക്ഷേത്രത്തിന്റെ ഉള്ളിലേക്ക് നാല് ഭാഗത്ത് നിന്നും 30 മീറ്ററോളം ഉള്ളിലേക്ക് പൈപ്പ് വലിച്ചു കൊണ്ടു പോകുവാൻ സാധിക്കുന്ന രീതിയിലാണ് സിസ്റ്റം പ്രവർത്തിക്കുക. ഇതോടുകൂടി ക്ഷേത്രം ഏകദേശം പൂർണമായും അഗ്‌നിയിൽ നിന്നും സംരക്ഷണം നൽകാൻ സാധിക്കും. ക്ഷേത്ര ജീവനക്കാർക്ക് ഈ ഫയർ സിസ്റ്റം ഉപയോഗിച്ച് ക്ഷേത്രവും പരിസരങ്ങളും കഴുകി വൃത്തിയാക്കാനും സാധിക്കും. കൊച്ചിൻ ദേവസ്വം ബോർഡ് ഏകദേശം അഞ്ച് ലക്ഷത്തോളം രൂപ ചെലവഴിച്ചാണ് ഫയർ സിസ്റ്റം സ്ഥാപിച്ചത്. കൊച്ചിൻ ദേവസ്വം ബോർഡ് മരാമത്ത് വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പ്രവൃത്തികൾ പൂർത്തീകരിച്ചിത്.