1

തൃശൂർ: കോർപറേഷൻ അമൃത് പദ്ധതിയിൽ ഉൾപ്പെടുത്തി അർബൻ ട്രാൻസ്‌പോർട്ട് സെക്ടറിൽ നടപ്പാക്കിയ പദ്ധതിയായ ആകാശപ്പാതയുടെ ഉദ്ഘാടനം ഇന്ന് വൈകിട്ട് അഞ്ചിന് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. മേയർ എം.കെ. വർഗീസ് അദ്ധ്യക്ഷനാകും. സെൻട്രലൈസ്ഡ് എ.സിയുടെ സ്വിച്ചോൺ കർമ്മം മന്ത്രി അഡ്വ. കെ. രാജനും ലിഫ്ട് ശൃംഖലയുടെ ഉദ്ഘാടനം മന്ത്രി ഡോ. ആർ. ബിന്ദുവും ആകാശപ്പാതയുടെ നെറ്റ് സീറോ എനർജി തലത്തിലുള്ള സൗരോർജ പാനൽ പ്രവർത്തനോദ്ഘാടനം കേന്ദ്ര സഹമന്ത്രി സുരേഷ്‌ ഗോപിയും നിർവഹിക്കും. സി.സി.ടി.വിയുടെ ഉദ്ഘാടനം പി. ബാലചന്ദ്രൻ എം.എൽ.എ നിർവഹിക്കും.

ഒന്നാം ഘട്ടത്തിൽ ആകാശപ്പാതയുടെ അടിസ്ഥാനസൗകര്യം പൂർത്തീകരിച്ചെങ്കിൽ രണ്ടാം ഘട്ടത്തിൽ പൂർണമായി ശീതീകരിച്ച് 4 പ്രവേശനകവാടങ്ങളിലും ആകാശപ്പാതയിലേക്ക് അനായാസം പ്രവേശിക്കുന്നതിന് ലിഫ്ടുകളും നെറ്റ് സീറോ എനർജിക്കായി സൗരോർജ ഉത്പാദനത്തിന് സോളാർ പാനലുകളും സുരക്ഷയ്ക്ക് മുൻതൂക്കം നൽകുന്നതിനായി 20 സി.സി.ടി.വി കാമറകളും സ്ഥാപിച്ചിട്ടുണ്ട്. 11 കോടി രൂപയോളം ചെലവഴിച്ചാണ് നാം ഈ കാണുന്ന ആകാശപ്പാത പൂർത്തീകരിച്ചിട്ടുള്ളത്.