vellakkett
1

അന്തിക്കാട്: മുട്ടോളം വെള്ളത്തിൽ ഇനിയുമാകില്ല യാത്ര ചെയ്യാൻ. അന്തിക്കാട് ഹൈസ്കൂൾ, കെ.ജി.എം.എൽ.പി സ്‌കൂൾ, നൂൽഹുദാ മദ്രസ എന്നിവിടങ്ങളിലേക്ക് പോകുന്ന കുട്ടികൾ ഉൾപ്പടെയുള്ളവർ പറയുന്നതാണിത്. ഈ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് കടന്നുപോകുന്ന റോ‌ഡിലാണ് വെള്ളക്കെട്ട് സ്ഥിരമെന്നോണം നിൽക്കുന്നത്. ഈ റോഡിൽ ചെറുമഴ പെയ്താൽപോലും രൂപപ്പെടുന്നത് യാത്ര ചെയ്യാൻ പറ്റാത്ത വിധം രൂക്ഷമായ വെള്ളക്കെട്ടാണ്. വെള്ളം ഒഴിഞ്ഞുപോകാൻ ചാലുകൾ ഇല്ലാത്തതാണ് പ്രധാന പ്രശ്നം. ഇതിനായി പഞ്ചായത്ത് മുൻകൈയെടുക്കുന്നില്ലെന്നതാണ് പരാതി. പരിഹാരം തേടി നിരവധി തവണ അധികൃതർക്ക് പരാതി നൽകിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല. രണ്ട് ലക്ഷം രൂപ ചെലവഴിച്ച് ഏതാനും മാസങ്ങൾക്ക് മുൻപ് ഈ റോഡിലെ വെള്ളക്കെട്ടുണ്ടായിരുന്ന കുറച്ചു ഭാഗം ക്വാറി വേസ്റ്റിട്ട് നികത്തിയെങ്കിലും റോഡിലെ താഴ്ന്ന ഭാഗത്തേക്ക് വെള്ളക്കെട്ട് മാറിയെന്നല്ലാതെ യാതൊരു പ്രയോജനവുമുണ്ടായില്ല. വെള്ളക്കെട്ട് തുടരുന്ന ഭാഗത്ത് രണ്ടോ, മൂന്നോ ലോഡ് ക്വാറി വേസ്റ്റ് കൂടിയിട്ടാൽ താത്കാലിക പരിഹാരമാകുമെന്നാണ് നാട്ടുകാർ പറയുന്നത്. അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

അപകടം പതിവ്

റോഡിന്റെ തകർച്ചയും കൂടിയാകുമ്പോൾ ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കയാണ്. സൈക്കിളിൽ പോകുന്ന നിരവധി വിദ്യാർത്ഥികൾക്കാണ് ഈ റോഡിലെ വെള്ളക്കെട്ടിൽ വീണ് പരിക്കേറ്റത്.