ഇരിങ്ങാലക്കുട : മാസങ്ങളായി മുടങ്ങിയ കുടിവെള്ളത്തിനായി ഇരിങ്ങാലക്കുട ജല അതോറിറ്റി ഓഫീസിന് മുമ്പിൽ ഓട്ടോഡ്രൈവർ ഒറ്റയാൾ സമരം നടത്തി. തളിയക്കോണം കരേക്കാട്ടുപറമ്പിൽ മോഹനൻ (60) ആണ് സമരം നടത്തിയത്. ജൂലായ് മുതൽ ജല അതോറിറ്റിയുടെ പൈപ്പിലൂടെ വരുന്ന കുടിവെള്ളം മുടങ്ങിയിരുന്നു. ഇതേതുടർന്ന് രണ്ടുമാസം മുമ്പാണ് ഇദ്ദേഹം പരാതിയുമായി ഇരിങ്ങാലക്കുട ജല അതോറിറ്റി ഓഫീസിൽ എത്തുന്നത്. ചകിരിക്കമ്പനി റോഡ് മേഖലയിൽ പലർക്കും വെള്ളം ലഭിക്കുന്നില്ല എന്ന പരാതിയും ആ സമയം നിലനിന്നിരുന്നു. തുടർന്ന് ഇത്രയും കാലമായി പരാതി പരിഹരിച്ചിരുന്നില്ല. ഏക ജീവിത മാർഗമായ ഓട്ടോ കയറ്റിയിട്ടിട്ടാണ് ഇരിങ്ങാലക്കുട ജല അതോറിറ്റി ഓഫീസിൽ വരുന്നത്. വളരെയേറെ സമയം ഇവിടെ പലപ്പോഴായി ചെലവഴിച്ചിട്ടും ആരും തിരിഞ്ഞുനോക്കിയില്ലെന്നും മോഹനൻ പറഞ്ഞു. രണ്ടുമാസം മുമ്പ് കൊടുത്ത പരാതിക്ക് സെപ്തംബർ 23നാണ് രസീത് കിട്ടിയതെന്നും അദ്ദേഹം പറയുന്നു. വീട്ടിലെ കിണർ വെള്ളപ്പൊക്കത്തിനു ശേഷം ഉപയോഗ ശൂന്യമായതിനാൽ പൈപ്പ് വെള്ളം മാത്രമാണ് മോഹനന്റെ കുടുംബത്തിന്റെ ഏക ആശ്രയം. നൽകിയ പരാതിക്ക് പരിഹാരം കാണാതെ വന്നപ്പോഴാണ് ഒഴിഞ്ഞ ബക്കറ്റും പ്ലക്കാർഡുമായി മോഹനൻ ഇരിങ്ങാലക്കുട ജല അതോറിറ്റി ഓഫീസിൽ പ്രതിഷേധവുമായി എത്തിയത്.