വാടാനപ്പിള്ളി : മണിക്കുട്ടിയുടെ 13-ാം തലമുറ പിറന്നു. അരുമയായ മിന്നൂട്ടിയുടെ മക്കളെ ദേവനന്ദ ടുട്ടുവെന്നും മിട്ടുവെന്നും വിളിക്കും. തൃത്തല്ലൂർ യു.പി സ്‌കൂളിലെ 'ജീവൻ ജീവന്റെ ജീവൻ' പദ്ധതി പ്രകാരം വാങ്ങി വളർത്തിയ മണിക്കുട്ടിയെന്ന ആട്ടിൻകുട്ടിയുടെ 13-ാം തലമുറക്കാരാണ് ടുട്ടുവും മിട്ടുവും. സ്‌കൂളിലെ ഗോട്ട് ക്ലബ് അംഗമായ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ദേവനന്ദയാണ് മണിക്കുട്ടിയുടെ മകൾ മിന്നൂട്ടിയെ ഓമനയായി വളർത്തുന്നത്. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണ് ദേവനന്ദയ്ക്ക് നറുക്കെടുപ്പിലൂടെ മിന്നൂട്ടിയെ വളർത്താൻ ലഭിക്കുന്നത്. 16 വർഷം പൂർത്തിയാക്കുന്ന'ജീവൻ ജീവന്റെ ജീവൻ' പദ്ധതിപ്രകാരം മണിക്കുട്ടിയുടെ പരമ്പരയിൽ പിറന്ന 58 ആട്ടിൻകുട്ടികളെയാണ് സ്‌നേഹിച്ച് വളർത്താൻ ഗോട്ട് ക്ലബ് അംഗങ്ങൾക്ക് വിതരണം ചെയ്തത്.
സ്‌കൂൾ അധികൃതർ മിന്നൂട്ടിയുടെ മക്കളെ കാണാൻ ദേവനന്ദയുടെ വീട്ടിലെത്തിയിരുന്നു. 'ജീവൻ ജീവന്റെ ജീവൻ' ക്ലബ് സ്ഥാപക കൺവീനർ കെ.എസ്. ദീപൻ, പ്രധാനദ്ധ്യാപിക കെ.ജി. റാണി, സ്‌കൂൾ 'ജീവൻ ജീവന്റെ ജീവൻ' കൺവീനർ വി. ഉഷാകുമാരി, വലപ്പാട് ഉപജില്ലാ വികസന സമിതി കൺവീനർ പി.വി. ശ്രീജമൗസമി, പി.കെ. ഷീബ, പി. അജിത്ത് പ്രേം എന്നിവർ പങ്കെടുത്തു.
സഹജീവി സ്‌നേഹം വളർത്തൽ ലക്ഷ്യം
വിദ്യാർത്ഥികളിൽ പ്രകൃതി, സഹജീവി സ്‌നേഹം വളർത്താൻ തൃത്തല്ലൂർ യു.പി സ്‌കൂളിൽ ആരംഭിച്ച 'ജീവൻ ജീവന്റെ ജീവൻ പദ്ധതി' അതെല്ലാംകൊണ്ടുതന്നെ സമൂഹത്തിനും മാതൃകയാവുകയാണ്. ടി.എൻ. പ്രതാപൻ നാട്ടിക എം.എൽ.എയായിരുന്ന കാലഘട്ടത്തിൽ അദ്ദേഹത്തിന്റെ ആശയങ്ങൾക്ക് സഹപാഠികളായിരുന്ന സീനിയർ വെറ്ററിനറി സർജൻ ഡോ. പി.ഡി. സുരേഷും നാട്ടിക നിയോജക മണ്ഡലം സമഗ്ര വിദ്യാഭ്യാസ പദ്ധതി കോ-ഓർഡിനേറ്റർ കെ.എസ്. ദീപനും ചേർന്ന് ജീവൻ നൽകിയപ്പോഴാണ് 'ജീവൻ ജീവന്റെ ജീവൻ' പദ്ധതി പിറവിയെടുക്കുന്നത്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി പദ്ധതിയെ കേരള മോഡൽ പ്രൊജക്ടായി ഏറ്റെടുത്തു. 2008 ആഗസ്റ്റ് അഞ്ചിനാണ് അന്നത്തെ വനംവകുപ്പ് മന്ത്രി ബിനോയ് വിശ്വം പദ്ധതി ഉദ്ഘാടനം ചെയ്തത്. പച്ചക്കറി വിറ്റുകിട്ടിയ പണവും പോക്കറ്റ് മണിയും ഉപയോഗിച്ചാണ് 2008ൽ കുട്ടികൾ മണിക്കുട്ടി എന്ന ആട്ടിൻകുട്ടിയെ സ്‌കൂളിലേക്ക് വാങ്ങിയത്. മണിക്കുട്ടിയുടെ ആദ്യപ്രസവത്തിലെ കുട്ടികളെ സ്‌നേഹിച്ച് വളർത്താനായി സ്‌കൂളിലെ ഗോട്ട് ക്ലബ് അംഗങ്ങൾക്ക് നൽകി. മണിക്കുട്ടിയുടെ 13-ാം തലമുറയാണ് മിന്നൂട്ടിയിലൂടെ പിറവിയെടുത്തത്.