katupanni-
കാട്ടുപന്നിയെ കൊണ്ട് പൊറുതിമുട്ടി കർഷകർ.

കേച്ചേരി: ചൂണ്ടൽ പഞ്ചായത്തിലെ പാടശേഖരങ്ങളിൽ നടാനായി ഒരുക്കിയ വിത്തിന്റെ ഞാറ്റടികൾ നശിപ്പിച്ച് കാട്ടുപന്നികൾ. ഇതോടെ കൃഷി ഉപേക്ഷിക്കാനൊരുങ്ങി കർഷകർ. ചൂണ്ടൽ പഞ്ചായത്തിലെ പാടശേഖരത്തിൽ നടാനായി ഒരുക്കിയ ചന്ദ്രന്റെ 150 കിലോ വിത്തിന്റെ ഞാറ്റടികളും ശിവൻ, മണി എന്നീ കർഷകരുടെ 300 കിലോ വിത്തിന്റെ ഞാറ്റടികളും പന്നികൾ നശിപ്പിച്ചു. കൂടാതെ ചൂണ്ടൽ, തായങ്കാവ്, ചിറപ്പറമ്പ്, പാടശേഖരങ്ങളിലെയും ഞാറ്റടികൾ വൻതോതിൽ നശിപ്പിച്ചിട്ടുണ്ട്. ചിറപ്പറമ്പ് സ്വദേശികളായ എം.ബി. ശിവദാസ്, ഒ.എസ്.ഷമീർ, മല്ലിക തിലകൻ, എം.വി. ചന്ദ്രൻ, കുന്നത്തുള്ളി കാർത്തിക, ചൂണ്ടൽ സ്വദേശികളായ ഷാജൻ, ശിവൻ, തുടങ്ങിയ നിരവധി പേരുടെ കിലോ കണക്കിന് വിത്തുകളും നശിപ്പിച്ചവയിൽ ഉൾപ്പെടുന്നു. തലക്കോട്ടുകര മേഖലയിലെ ചേമ്പ്, വാഴ, തുടങ്ങി കൃഷികൾ ദിനംപ്രതി കാട്ടുപന്നികൾ നശിപ്പിക്കാറുണ്ട്. കാട്ടുപന്നികളെ ഭയന്ന് കൃഷി ഉപേക്ഷിക്കേണ്ട അവസ്ഥയാണെന്നും അധികാരികൾ ഇതിനൊരു തീരുമാനമെടുക്കണമെന്നും പാടശേഖരസമിതി ആവശ്യപ്പെട്ടു. കൃഷിവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. തുടർന്ന് കൃഷി ഓഫീസർ രഞ്ജിത്ത് ചൂണ്ടൽ സ്വദേശിയായ ശിവന് 45 കിലോ നെൽ വിത്ത് നൽകി.


കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ ലൈസൻസ് ഉള്ള എരനെല്ലൂർ സ്വദേശിയായ നെൽസനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
പി.ടി. ജോസ്
ചൂണ്ടൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌