acc
അപകടത്തിൽപ്പെട്ട ലോറി

കുന്നംകുളം: അശാസ്ത്രീയ നിർമ്മാണത്തെ തുടർന്ന് അപകട മേഖലയായി അക്കിക്കാവ്-കടങ്ങോട് റോഡിലെ പുത്തംകുളം വളവ്. ഈ മേഖലയിൽ റോഡിന് വീതി കുറവും റോഡ് പുതുക്കി പണിത ശേഷം വാഹനങ്ങളുടെ വേഗത വർദ്ധിച്ചതുമാണ് പുത്തംകുളത്തെ അപകട മുനമ്പാക്കിയത്. നിരവധി സ്വകാര്യ ബസുകളും ടോറസ് ലോറികളും ഉൾപ്പെടെ ദിനം പ്രതി നൂറുകണക്കിന് വാഹനങ്ങളാണ് ഇതുവഴി കടന്നുപോകുന്നത്. കഴിഞ്ഞ ദിവസം പുത്തംകുളം സെന്ററിൽ ഇറച്ചി കോഴിയുമായി വന്ന ലോറി നിയന്ത്രണം വിട്ട് വീടും കട മുറിയും ഇടിച്ച് തകർത്ത് സമീപത്തെ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് നിന്നിരുന്നു. ഈ പ്രദേശത്ത് റോഡിന് സമീപമുള്ള വ്യാപാര സ്ഥാപനങ്ങളും വീടുകളും തമ്മിൽ ഒരു കാനയുടെ അകലം മാത്രമാണുള്ളത്. ആയതിനാൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ കൂടുതൽ ദുരന്തങ്ങൾക്ക് കാരണമാകും. റോഡ് പുതുക്കി പണിതപ്പോൾ വാഹനങ്ങളുടെ വേഗത വർദ്ധിച്ചെന്നും റോഡ് ശാസ്ത്രീയമായി നിർമ്മിച്ച് അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.


ലോറി നിയന്ത്രണം വിട്ട് ചെരിഞ്ഞു

കുന്നംകുളം: ഇറച്ചിക്കോഴിയുമായി വന്ന ലോറി നിയന്ത്രണം വിട്ട് പുത്തംകുളം സെന്ററിൽ പാലത്തിന്റെ കൈവരിയിൽ ഇടിച്ച് ചെരിഞ്ഞു. വീടും കട മുറിയും ഇടിച്ചശേഷമാണ് ലോറി പാലത്തിന്റെ കൈവരിയിൽ ഇടിച്ച് നിന്നത്. കഴിഞ്ഞ ദിവസം രാവിലെ ആറരയോടെയായിരുന്നു സംഭവം. ആർക്കും പരിക്കില്ല. പുത്തംകുളം പടിഞ്ഞാക്കര അബ്ദുൾ റൗഫിന്റെ കടയും വെട്ടേ നാട്ടയിൽ റെഷീദിന്റെ വീടുമാണ് തകർന്നത്. ബസ് സ്റ്റോപ്പ് ഇല്ലെങ്കിലും നാട്ടുകാർ അപകടം നടന്ന സ്ഥാലത്താണ് ബസ് കാത്തു നിൽക്കുന്നത്.


അപകട മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ച് അപകടം കുറയ്ക്കാൻ ആവശ്യമായ നടപടി അധികൃതർ സ്വീകരിക്കണം.
എം.എ.കമറുദ്ദീൻ


ഇരുദിശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കാണാൻ സാധിക്കുന്നില്ല. ഇതിനായ് കോൺവെക്‌സ് മിറർ സ്ഥാപിക്കാൻ നടപടി സ്വീകരിക്കണം.
എ.എം. നിതീഷ്