കൊടുങ്ങല്ലൂർ: ശ്രീനാരായണപുരം പഞ്ചായത്തിലെ 11-ാം വാർഡിൽ കോതപറമ്പ് കിഴക്കുവശത്തെ മാന്തുരുത്തിക്കടവിൽ രൂക്ഷമായ കുടിവെള്ളക്ഷാമത്താൽ ജനങ്ങൾ നട്ടംതിരിയുന്നു. ദേശീയപാത നിർമ്മാണത്തിനിടെ പൈപ്പ് ലൈനുകൾ പലയിടത്തും പൊട്ടിയതുമൂലമാണ് ഇവിടെ കുടിവെള്ളം കിട്ടാതായത്. 200 ഓളം കുടുംബങ്ങളാണ് കുടിവെള്ളം കിട്ടാതെ വർഷങ്ങളായി വലയുന്നത്. എറണാകുളം ജില്ലയിലെ പുത്തൻവേലിക്കരയിൽ നിന്നുമാണ് പണം കൊടുത്ത് ഇവിടത്തുകാർ വെള്ളം വാങ്ങുന്നത്. സ്വകാര്യ വ്യക്തികൾ വാഹനങ്ങളിൽ എത്തിച്ചു നൽകുന്ന വെള്ളത്തിന് 600 രൂപ മുതൽ ആയിരം രൂപ വരെ വിലയാകുന്നു. കുടിവെള്ളത്തിനായി പ്രദേശവാസികൾ മുട്ടാത്ത വാതിലുകളില്ല. പ്രദേശത്തെ കുടിവെള്ളക്ഷാമം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർ, ഡെപ്യൂട്ടി കളക്ടർ, പഞ്ചായത്ത്, എം.പി, സ്ഥലം എം.എൽ.എ, ജല അതോറിറ്റി തുടങ്ങിയവർക്കെല്ലാം പരാതികളും നിവേദനങ്ങളും നിരവധി തവണ സമർപ്പിച്ചിട്ടും പരിഹാരമായില്ല. വീട്ടമ്മന്മാർ മതിലകം ജല അതോറിറ്റി ഓഫീസിന് മുമ്പിൽ നാലു തവണ സമരം ചെയ്തിട്ടും യാതൊരു ഫലവുണ്ടായില്ല. ദേശീയപാത നിർമ്മാതാക്കൾ ജല അതോററ്ററിയെയും ജല അതോറിറ്റി ദേശീയപാത കരാറുകാരെയും പരസ്പരം പഴിചാരുമ്പോഴും ജനങ്ങൾക്ക് കുടിവെള്ളം മാത്രം കിട്ടുന്നില്ല. നേരത്തെ മുതൽ ഭാഗികമായി ലഭിച്ചിരുന്ന കുടിവെള്ളം ദേശീയപാത നിർമ്മാണം ആരംഭിച്ചതോടെ പൂർണമായും മുടങ്ങുകയായിരുന്നു. കൂലിവേലക്കാരും സാധാരണക്കാരുമായ ഇവിടുത്തെ ജനങ്ങൾക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. ജനങ്ങളുടെ പ്രാഥമികാവശ്യങ്ങൾക്ക് നേരെ കൊഞ്ഞനം കുത്തുന്ന അധികാരികളുടെ നടപടികൾക്കെതിരെ ശക്തമായ സമരത്തിലാണ് പ്രദേശവാസികൾ.
താത്കാലിക നടപടിയുമായി ജല അതോറിറ്റി
വർഷങ്ങളായുള്ള കുടിവെള്ള ക്ഷാമത്തിന് അടിയന്തര പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ നാട്ടുകാർ ശ്രീനാരായണപുരം പഞ്ചായത്തിന് മുമ്പിൽ പ്രതിഷേധ ധർണയുമായി രംഗത്തെത്തിയതോടെ ജല അതോറിറ്റി നടപടികൾ ആരംഭിച്ചിട്ടുണ്ട്. മറ്റ് വാർഡുകളിലേക്കുള്ള വാൾവുകൾ താത്കാലികമായി അടച്ച് മാന്തുരിത്തിക്കടവ് ഭാഗത്തേക്ക് വെള്ളം പമ്പ് ചെയ്യാനാണ് തീരുമാനം. അതേസമയം ഈ നടപടി താത്കാലികമാണെന്നാണ് ജനങ്ങൾ ചൂണ്ടിക്കാട്ടുന്നത്. കുടിവെള്ളക്ഷാമത്തിന് ശാശ്വത പരിഹാരമുണ്ടാക്കാത്തപക്ഷം കടുത്ത സമര പരിപാടികളിലേക്ക് നീങ്ങാനാണ് പ്രദേശവാസികളുടെ തീരുമാനം.