തൃശൂർ: എ.ടി.എമുകളിൽ ഒറ്റ രാത്രി കൊണ്ട് തുടർച്ചയായി നടന്ന കൂട്ടക്കവർച്ച പൊലീസിന്റെ നിഷ്‌ക്രിയത്വത്തിന്റെ ഫലമാണെന്ന് കെ.പി.സി.സി സെക്രട്ടറി ജോൺ ഡാനിയേൽ. തൃശൂർ റൗണ്ടിനോട് ചേർന്ന് നായ്ക്കനാലിലാണ് ഒരു എ.ടി.എം കൗണ്ടർ കുത്തിപ്പൊളിച്ച് പണം കവർന്നത്. 24 മണിക്കൂറും പൊലീസ് പട്രോളിംഗുള്ള സ്ഥലമാണിത്. എന്നിട്ടും പണം കവർന്നത് പൊലീസിന്റെ സുരക്ഷാ വീഴ്ചയാണ്. കൺട്രോൾ റൂമിന്റെ ഏതാനും വാര അടുത്താണ് നഗരത്തിൽ എ.ടി.എം കവർച്ച നടന്നത് എന്നത് ഞെട്ടലുണ്ടാക്കുന്നു. പൊലീസ് നഗരത്തിന് കാവലിരിക്കുന്നുവെന്ന വിശ്വാസത്തിലാണ് രാത്രി ജനങ്ങൾ വീടുകളിൽ ഉറങ്ങുന്നത്. എന്നാൽ പൊലീസും ഉറങ്ങുന്നു എന്നാണ് പുലർച്ചെ നടന്ന എ.ടി.എം കവർച്ച കാണിക്കുന്നത്. പകൽ വിവിധ കാരണങ്ങൾ കണ്ടെത്തി ജനത്തിന് പെറ്റിയടിക്കുന്ന പൊലീസ് രാത്രിയിൽ ജനങ്ങളുടെ സുരക്ഷയിൽ ഉദാസീനത കാണിക്കുകയാണെന്ന് ജോൺ ഡാനിയൽ പറഞ്ഞു.