1

എ.ടി.എം കവർച്ചയ്ക്ക് സംഘമെത്തിയ കാറിനെക്കുറിച്ച് ഇന്നലെ പുലർച്ചെ അഞ്ചരയോടെ തന്നെ വിവരം ലഭിച്ച് വിവിധയിടങ്ങളിലേക്ക് കൈമാറിയെങ്കിലും കണ്ടെയ്നറിലാക്കി കാർ കടത്തിയതിനാൽ പൊലീസ് കുഴങ്ങി. പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി തൃശൂർ റൂറൽ, സിറ്റി, വടക്കഞ്ചേരി, പാലക്കാട്, എറണാകുളം എന്നീ സ്ഥലങ്ങളിലേക്കാണ് സന്ദേശം നൽകിയത്. മോഷണം നടന്ന സ്ഥലത്ത് പുകയുടെ ലക്ഷണങ്ങളും മറ്റും കണ്ടതിൽ ഗ്യാസ് കട്ടർ ഉപയോഗിച്ചുള്ള മോഷണമാണെന്ന് വ്യക്തമായിരുന്നു. കൂടാതെ ഒന്നിൽ കൂടുതൽ മോഷണദൃശ്യങ്ങളിൽ ഒരു വെളുത്ത കളറിലുള്ള കാറും കണ്ടെത്തിയിരുന്നു. അതിനാൽ ഈ കാർ കേന്ദ്രീകരിച്ചായിരുന്നു ആദ്യ അന്വേഷണം നടന്നത്. ഉടൻ തമിഴ്‌നാട്, കർണാടക സംസ്ഥാനങ്ങൾക്ക് സന്ദേശം കൈമാറി. പുലർച്ചെ അഞ്ചിന് മുൻപ് തന്നെ കാർ കണ്ടെത്താൻ കഴിഞ്ഞത് അന്വേഷണത്തിൽ നിർണായകമായി. മുൻപ് കണ്ണൂർ ജില്ലയിലെ കണ്ണപുരത്തും സമാനരീതിയിലുള്ള മോഷണം നടന്നിട്ടുണ്ട്.


എസ്.ബി.ഐ നോട്ടമിട്ടത് കൂടുതൽ തുക കണ്ട്

തൃശൂർ: എ.ടി.എമ്മുകളിൽ കൂടുതൽ തുക റീഫിൽ ചെയ്യുന്നത് എസ്.ബി.ഐ ആണെന്ന് മനസിലാക്കിയാണ് കവർച്ചാ സംഘം മോഷണത്തിനായി അവിടം തിരഞ്ഞെടുത്തെന്ന് വ്യക്തമായതായി സിറ്റി പൊലീസ് കമ്മീഷണർ ആർ. ഇളങ്കോ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഏറ്റുമുട്ടൽ നടന്ന സംഭവമായതിനാൽ ജുഡീഷ്യൽ അന്വേഷണത്തിനു ശേഷം മാത്രമേ വാഹനം, മോഷണ ഉപകരണങ്ങൾ തുടങ്ങിയവയെകുറിച്ചുള്ള കൂടുതൽ വിവരം ലഭിക്കൂ.