ക്രൈം രാത്രിയെങ്കിൽ പൊലീസും തപ്പും ഇരുട്ടിൽ
തൃശൂർ: സാംസ്കാരിക തലസ്ഥാനത്തെ നടുക്കി കവർച്ച, തട്ടിപ്പ്, കൊലപാതകങ്ങൾ തുടരുന്നു. ഇന്നലെ നടന്ന എ.ടി.എം കവർച്ചകൾക്ക് പുറമേ കഴിഞ്ഞ ഒരാഴ്ചക്കുള്ളിൽ ജില്ലയിൽ നടന്നത് രണ്ട് കൊലാപതകങ്ങളും നിരവധി തട്ടിപ്പുകളും. റെയിൽവേ സ്റ്റേഷനിൽ യുവാവിനെ കൊലപാതകം, പീച്ചിയിലെ സ്വർണക്കവർച്ച എന്നിവയിലെല്ലാം പ്രതികൾ ഇപ്പോഴും പൊലീസിന്റെ കാണാമറയത്ത്.
എ.ടി.എം കവർച്ചാ സംഘത്തെ തമിഴ്‌നാട് പൊലീസിന്റെ സഹായത്തോടെ പിടികൂടിയതും കയ്പമംഗലം റൈസ് പുള്ളർ തട്ടിപ്പുമായി ബന്ധപ്പെട്ട് നടന്ന കൊലപാതകത്തിലെ പ്രതികളെ പിടികൂടാനായതും അൽപ്പം ആശ്വാസമാണ്. എന്നാൽ അടിക്കടിയുണ്ടാകുന്ന ഇത്തരം സംഭവങ്ങളിൽ പൊലീസ് ഇടപെടൽ കാര്യക്ഷമമല്ലെന്ന ആരോപണം ശക്തമാണ്. മാപ്രാണം, തൃശൂർ, കോലഴി എന്നിവിടങ്ങളിൽ രണ്ട് മണിക്കൂറിനുള്ളിൽ നടന്ന എ.ടി.എം കവർച്ചകളിൽ ആദ്യ സംഭവം രണ്ട് 20 മിനിട്ടിനുള്ളിൽ സന്ദേശം ലഭിച്ചിട്ടും ദേശീയപാതയിൽ വാഹന പരിശോധന കർശനമാക്കാതിരുന്നത് ഗുരുതരവീഴ്ചയാണ്.
തമിഴ് നാട് അതിർത്തിയിൽ കവർച്ചാ സംഘം സഞ്ചരിച്ചിരുന്ന കണ്ടെയ്‌നർ അപകടത്തിൽപ്പെട്ടിലായിരുന്നെങ്കിൽ അവരും രക്ഷപ്പെടാനുള്ള സാദ്ധ്യത ഏറെയായിരുന്നു. കളും നഗരത്തിലടക്കം കഞ്ചാവ്, മയക്കു മരുന്നു മാഫിയകളും സജീവം. റെയിൽവേ സ്റ്റേഷൻ പരിസരത്തും ക്രിമിനൽ സംഘങ്ങൾ നിരവധിയുണ്ട്.
തുമ്പില്ലാതെ റെയിൽവേ കൊലപാതകം
റെയിൽവേ സ്റ്റേഷൻ പടിഞ്ഞാറെ കവാടത്തിന് സമീപം യുവാവ് കൊല്ലപ്പെട്ടിട്ട് ഒരാഴ്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ പൊലീസിന് സാധിച്ചിട്ടില്ല. നഗരത്തിന്റെ മുക്കിലും മൂലയിലും സി.സി.ടി.വി കാമറകളുണ്ടെങ്കിലും ഇതിലൊന്നും പെടാതെ കൊലാപതകം നടന്നുവെന്ന് പറയുന്നു. റെയിൽവേ സ്റ്റേഷനിലെ മേൽപ്പാലത്തിൽ നവജാത ശിശുവിനെ കൊന്ന് ബാഗിൽ ഉപേക്ഷിച്ച സംഭവത്തിലും പ്രതിയെ കണ്ടെത്താൻ ഇതുവരെ പൊലീസിന് കഴിഞ്ഞിട്ടില്ല.
സ്വർണക്കവർച്ച പ്രതികൾ എവിടെ ?
വടക്കഞ്ചേരി - മണ്ണുത്തി ദേശീയപാതയിൽ പട്ടിക്കാട് കല്ലിടുക്കിൽ കാർ തടഞ്ഞ് യുവാക്കളെ ആക്രമിച്ച് രണ്ടര കിലോ സ്വർണം കവർന്ന സംഭവത്തിൽ പ്രതികൾ എവിടെയെന്ന ചോദ്യത്തിനും ഉത്തരമില്ല. തൃശൂർ കിഴക്കെക്കോട്ട നടക്കിലാൻ അരുൺ സണ്ണി, പോട്ട സ്വദേശി റോജി എന്നിവർ സഞ്ചരിച്ചിരുന്ന കാറാണ് കല്ലിടുക്കിൽ അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലത്ത് മൂന്ന് കാറുകളിലെത്തിയ സംഘം സിനിമാസ്റ്റൈലിൽ തടഞ്ഞ് ആഭരണം കവർന്നത്. അരുൺ സണ്ണി, റോജോ എന്നിവരെ രണ്ട് വാഹനങ്ങളിൽ തട്ടിക്കൊണ്ടുപോയി പിന്നീട് വഴിയിൽ ഉപേക്ഷിക്കുകയായിരുന്നു. പിറ്റേന്ന് പുത്തൂരിൽ നിന്ന് പരാതിക്കാരുടെ വാഹനങ്ങൾ ലഭിക്കുകയും ചെയ്തു. ഒല്ലൂർ എ.സി.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. എതാനും മാസങ്ങൾക്ക് മുമ്പാണ് കെ.എസ്.ആർ.ടി.സിക്ക് സമീപമുള്ള ലോഡ്ജിലേക്ക് വിളിച്ച് വരുത്തി പറവൂർ സ്വദേശിയുടെ സ്വർണം കവർന്നത്. ഇതിൽ എതാനും പേരെ പിടികൂടിയെങ്കിലും പ്രധാന പ്രതിയെയോ, സ്വർണമോ കണ്ടെത്താനായിട്ടില്ല.
ആശ്വാസം കയ്പമംഗലം സംഭവം
റൈസ് പുള്ളർ തട്ടിപ്പിൽ തമിഴ് നാട് സ്വദേശിയെ മർദ്ദിച്ച് കൊലപെടുത്തി ആംബുലൻസിൽ ഉപേക്ഷിച്ച സംഭവത്തിൽ 24 മണിക്കൂറിനകം പ്രതികളെ പിടികൂടാൻ കഴിഞ്ഞത് മാത്രമാണ് പൊലീസിന് ആശ്വാസം. എന്നാൽ ഒരു ദിവസം മുഴുവൻ കൊല്ലപ്പെട്ട അരുണിനെയും സുഹൃത്തിനെയും ജില്ലയുടെ പലഭാഗങ്ങളിൽ കാറിൽ കൊണ്ടുപോയാണ് മർദ്ദിച്ചത്.