police

തൃശൂർ: തൃശൂരിലെ മൂന്നിടങ്ങളിൽ എ.ടി.എം കവർന്ന കേസ് അന്വേഷിക്കാൻ തത്കാലം പ്രത്യേക സംഘത്തെ നിയോഗിക്കില്ല. മൂന്നു സ്‌റ്റേഷനുകളിലെ എസ്.എച്ച്.ഒമാരുടെ നേതൃത്വത്തിൽ അന്വേഷണം നടക്കും. മാപ്രാണത്തെ കവർച്ച ഇരിങ്ങാലക്കുട പൊലീസും തൃശൂർ ഷൊർണൂർ റോഡിലെ കവർച്ച ഈസ്റ്റ് പൊലീസും കോലഴിയിലേത് വിയ്യൂർ പൊലീസും അന്വേഷിക്കും.
പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തശേഷം ആവശ്യമെങ്കിൽ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്ന് സിറ്റി പൊലീസ് കമ്മിഷണർ ആർ. ഇളങ്കോ പറഞ്ഞു. കവർച്ച നടത്തിയ പ്രതികൾ പ്രായോഗിക പരിശീലനം നേടിയവരാണ്. ഏറ്റവും പ്രഹരശേഷിയുള്ളതും എളുപ്പം പ്രയോഗിക്കാവുന്നതുമായ ഗ്യാസ് കട്ടർ വാങ്ങിയാകും പരിശീലനം നടത്തിയിട്ടുണ്ടാവുക. 10 മിനിട്ടിൽ ക്യാഷ് പുറത്തെടുക്കാവുന്ന രീതിയാണ് പ്രയോഗിച്ചതെന്നും പൊലീസ് പറഞ്ഞു.

എ.ടി.എം തകർക്കുന്ന സമയത്ത് എസ്.ബി.ഐ കൺട്രോൾ റൂമിലേക്ക് സന്ദേശം പോയെന്നാണ് പൊലീസ് പറയുന്നത്. എ.ടി.എം മെഷീനുകളിൽ ഹീറ്റ് സെൻസർ ഉള്ളതിനാൽ ഗ്യാസ് കട്ടറിന്റെ ചൂട് തട്ടിയാൽ അലാറം മുഴങ്ങും. സെൻസർ ബാങ്കുകളുമായി ബന്ധിപ്പിച്ചിട്ടുണ്ടെങ്കിൽ തത്സമയം മോഷണ വിവരം പുറത്തറിയും. ഇങ്ങനെയാണ് കൺട്രോൾ റൂമിൽ വിവരം ലഭിച്ചതെന്നാണ് സൂചന. മാപ്രാണത്തും കോലഴിയിലും 20 മിനിട്ട് കഴിഞ്ഞപ്പോൾ അലാറം കേട്ടു. തൃശൂരിൽ ഒരു മണിക്കൂറിനടുത്തായപ്പോഴാണ് അലാം ലഭിച്ചത്. ഇത് ഈ സംവിധാനത്തിലെ പാകപ്പിഴ ആണെന്നാണ് വിലയിരുത്തൽ.

എല്ലാ എ.ടി.എമ്മുകളും തകർക്കാനാകില്ല

ചില എ.ടി.എമ്മുകളുടെ അകത്തും പുറത്തുമായി രണ്ട് പാളികളിലായിട്ടായിരിക്കും ക്യാഷ് ട്രേയുണ്ടാകുക. ചില കമ്പനികളുടെ യന്ത്രങ്ങളിൽ ലോഹപാളിക്ക് പുറമേ ഇരുമ്പുകമ്പി പാകിയ കോൺക്രീറ്റ് പാളി കൂടിയുണ്ടാകും. ഇത്തരം കൗണ്ടറുകൾ ഗ്യാസ് കട്ടർ ഉപേയോഗിച്ച് തകർക്കാനാകില്ല. ഇതെല്ലാം കൃത്യമായി മനസിലാക്കി, ആസൂത്രണത്തോടെയാണ് കവർച്ച നടത്തിയത്. അതിനാൽ, പിടിയിലായവർക്കു പുറമേ മറ്റാർക്കെങ്കിലും ഇതിൽ പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കും. സ്വകാര്യ എജൻസികളാണ് പണം നിറയ്ക്കുന്നത്.