കുന്നംകുളം: വർണാഭമായ ശീലക്കുടയുടെ കാലത്തും ഓലക്കുട നിർമ്മാണം കൈവിടാതെ സുബ്രഹ്മണ്യൻ. കടവല്ലൂർ പഞ്ചായത്തിലെ ഒറ്റപ്പിലാവ് കണിശത്ത് ഒറ്റപ്ലാക്കൽ സുബ്രഹ്മണ്യൻ പാരമ്പര്യമായി പഠിച്ചതാണ് കുട നിർമ്മാണം. പാരമ്പര്യത്തിന്റെ മികവ് ഒട്ടും ചോരാതെ നിർമിക്കുന്ന പലതരം ഓലക്കുടകൾക്ക് ആവശ്യക്കാരും ഏറെയാണ്. തൊപ്പിക്കുടയും ഓലക്കുടയും നിർമിക്കുന്ന ചുരുക്കം ചിലരിൽ ഒരാളാണ് സുബ്രഹ്മണ്യൻ. മറ്റ് പ്രതിസന്ധികൾ ഒന്നുമില്ലെങ്കിൽ ഏകദേശം നാലു ദിവസംകൊണ്ട് രണ്ട് തരം കുടകളും നിർമ്മിക്കും. കുടപ്പനയുടെ ഓലയും ഈറ്റയുടെയും മുളയുടെയും കമ്പും ഉപയോഗിച്ചാണ് കുട നിർമ്മാണം. കുടപ്പന വിരളമായതിനാൽ ദൂരസ്ഥലങ്ങളിൽ നിന്നെത്തിച്ചാണ് നിർമ്മാണം. നിലവിൽ പെരുമണ്ണൂരിലെ ഒരു വീട്ടിൽ നിന്നാണ് കുടപ്പന കൊണ്ടുവരുന്നത്. കൊരട്ടിക്കരയിലുള്ള കരകൗശല ഷോപ്പ് വഴിയാണ് വിപണനം. ചിലർ വീട്ടിലെത്തിയും കുടകൾ വാങ്ങാറുണ്ട്. കൃഷി ആവശ്യത്തിനും ക്ഷേത്രങ്ങളിലേയ്ക്കുമാണ് കൂടുതലും കുടകൾ വാങ്ങുന്നത്. തൊപ്പിക്കുടയ്ക്ക് 500 രൂപയും ഓലക്കുടയ്ക്ക് മാതൃക അനുസരിച്ച് 1000 മുതൽ 1500 രൂപ വരെയുമാണ് വില. പനയോല കൊണ്ടും ഈറ്റ കൊണ്ടും ക്ഷേത്ര മാതൃകകൾ ഉണ്ടാക്കുന്നതിലും വിദഗ്ധനാണ് സുബ്രഹ്മണ്യൻ. കൊരട്ടിക്കര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കരകൗശല വിപണന സൊസൈറ്റിയുടെ നേതൃത്വത്തിൽ മുപ്പതോളം പേർക്ക് കരകൗശല നിർമാണ പരിശീലനം സുബ്രഹ്മണ്യൻ നൽകിയിരുന്നു. ഇതുവഴിയാണ് കുട നിർമ്മാണത്തിൽ കൂടുതൽ വൈദഗ്ധ്യം നേടിയതെന്ന് സുബ്രഹ്മണ്യൻ പറയുന്നു.
അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതക്കുറവാണ് ഇത്തരം ജോലികൾ ചെയ്യുന്നവർ നേരിടുന്ന പ്രതിസന്ധി. പനയോലയും ഈറ്റയും ലഭിക്കാത്ത സമയങ്ങൾ കൂലിപ്പണിക്ക് പോയാണ് ജീവിക്കുന്നത്. പരമ്പരാഗത തൊഴിൽ അന്യംനിന്നു പോകരുതെന്ന് ആഗ്രഹമുണ്ട്.
സുബ്രഹ്മണ്യൻ
.
തൊപ്പിക്കുട- 500 രൂപയും
ഓലക്കുട1000 - 1500 രൂപ