
കൊടുങ്ങല്ലൂർ: അഴീക്കോട് മുനമ്പം ഫെറി സർവീസ് രണ്ട് മാസത്തിലേറെയായി സ്തംഭിച്ച സാഹചര്യത്തിൽ ഫെറി സർവീസ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ട് ഒപ്പ് സമാഹരിച്ച് അഴീക്കോട് മുനമ്പം പാലം സമരസമിതി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസിന് ഭീമ ഹർജി നൽകി. ഫെറി സർവീസ് അടിയന്തരമായി പുനരാരംഭിക്കാൻ നടപടി സ്വീകരിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹർജി സമർപ്പണ വേളയിൽ ഉറപ്പു നൽകി.
അഴീക്കോട് നിന്ന് മുനമ്പത്തേക്ക് ഫെറി സർവീസ് വഴി നാലഞ്ച് മിനിറ്റ് കൊണ്ട് എത്തിയിരുന്നിടത്ത് ഇപ്പോൾ കൊടുങ്ങല്ലൂർ- മാല്യങ്കര വഴി 15 കിലോമീറ്റർ യാത്ര ചെയ്ത് വേണം മുനമ്പത്തെത്തുവാനെന്ന് സമരസമിതി ജില്ലാ പഞ്ചായത്തിനെ അറിയിച്ചു. ഈ മേഖലയിലുള്ള 500ൽ പരം വിദ്യാർത്ഥികൾ, നൂറുകണക്കിന് അദ്ധ്യാപകർ, മത്സ്യമേഖലയുമായി ബന്ധപ്പെട്ട നൂറുകണക്കിനാളുകൾ, മത്സ്യക്കച്ചവടക്കാർ, യാത്രക്കാർ തുടങ്ങി വിവിധ തുറകളിൽപെട്ട ആയിരക്കണക്കിനാളുകളാണ് ഒപ്പുശേഖരിച്ചത്. സമരസമിതി ചെയർമാനും അഭിഭാഷകനുമായ അഡ്വ.ഷാനവാസ് കാട്ടകത്ത്, ചീഫ് കോർഡിനേറ്റർ പി.എ.സീതിമാസ്റ്റർ, അഴീക്കോട് സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് പി.എ.കരുണാകരൻ, റഷീദ് കടമ്പോട്ട്, എൻ.എസ്.ശിഹാബ് തുടങ്ങിയവരാണ് നിവേദക സംഘത്തിൽ ഉണ്ടായിരുന്നത്.