കൊടുങ്ങല്ലർ: ദേശീയപാതാ വികസന പ്രവർത്തനങ്ങൾ ഇഴഞ്ഞുനീങ്ങുന്നത് റോഡിന്റെ ഇരുവശമുള്ള വ്യാപാരികളെയും സ്ഥാപന ഉടമകളെയും ദുരിതത്തിലാക്കുന്നു. മഴ മാറിയതോടെ നിർമ്മാണം നടക്കുന്ന പ്രദേശമൊട്ടാകെ പൊടിപടങ്ങൾ കൊണ്ട് നിറയുകയാണ്. നിർമ്മാണം നടക്കുന്ന ദേശീയപാതയുടെ പലയിടത്തും കുണ്ടും കുഴികളും ചെളിയും മണ്ണുമാണ്. ഇതിലൂടെ ചെറുതും വലതുമായ നൂറുകണക്കിന് വാഹനങ്ങളാണ് കടന്നുപോകുന്നത്.

നിർമ്മാണം അനന്തമായി നീളുന്നതിനാൽ പൊടിശല്യം സ്ഥിരമായി നീളുന്നുവെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നുവെന്നുമാണ് വ്യാപാരികളുടെയും നാട്ടുകാരുടെയും പരാതി. പൊടിയായതിനാൽ കച്ചവട സ്ഥാപനങ്ങളിലേക്ക് ആളുകൾ എത്തതായതും വ്യാപാരികൾക്ക് തിരിച്ചടിയാകുന്നുണ്ട്. ചന്തപുര, കോതപറമ്പ്, പൊരുബസാർ തുടങ്ങിയ സ്ഥലങ്ങളിലും പൊടിശല്യം അതി രൂക്ഷമാണ്.

ബസ് സ്റ്റോപ്പിൽ ബസ് കാത്തു നിൽക്കുന്ന കുട്ടികളും സ്ത്രീകളും ഉൾപ്പെടെയുള്ള യാത്രക്കാരും പൊടിശല്യത്തിൽ വലയുന്നുണ്ട്. വ്യാപകമായി ഉയരുന്ന പൊടിപടലം നടന്നും വാഹനങ്ങളിലും യാത്ര ചെയ്യുന്ന നൂറുകണക്കിന് ജനങ്ങളുടെ ജീവിതത്തെ അപകടകരമായി ബാധിക്കുന്നു. തുടർച്ചയായി വാഹനങ്ങളിൽ വെള്ളം എത്തിച്ച് തളിച്ചെങ്കിൽ മാത്രമേ ഇതിന് അൽപ്പം ശമനമുണ്ടാകൂ.

കൂടാതെ ചന്തപ്പുരയിൽ നിന്ന് ഉഴുവത്ത് കടവ് റോഡിലേക്ക് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി ചെളി നിറഞ്ഞ വെള്ളം നിരന്തരം ഒഴുക്കിവിടുന്നുണ്ട്. ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഈ വിഷയങ്ങൾ പരിഹരിക്കുന്നതിന് ദേശീയപാതാ അധികൃതർ സത്വരനടപടി സ്വീകരിക്കണമെന്നും ഇക്കാര്യത്തിൽ ബെന്നി ബഹന്നാൻ എം.പി ഇടപെടൽ നടത്തണമെന്നും സി.പി.എം ഏരിയ സെക്രട്ടറി കെ.ആർ. ജൈത്രൻ ആവശ്യപ്പെട്ടു.