പാവറട്ടി : പാവറട്ടി - കുണ്ടുവക്കടവ് റോഡ് തകർന്ന് യാത്രാക്ലേശം രൂക്ഷമാകുന്നു. രണ്ട് കിലോ മീറ്റർ ദൂരമുള്ള റോഡ് പൂർണമായും പൊട്ടി പൊളിഞ്ഞ നിലയിലാണ്. ഡോക്ടർ വളവ്, സെന്റ് മേരീസ് സ്‌കൂൾ പരിസരം, സാൻ ജോസ് സ്‌കൂൾ പരിസരം എന്നിവിടങ്ങളിലാണ് കൂടുതൽ ദുരവസ്ഥ. നിരവധി വാഹനങ്ങളാണ് ഈ വഴി കടന്നു പോകുന്നത്. ഇരുചക്ര വാഹനങ്ങൾ കുഴികളിൽ വീണ് അപകടം സംഭവിക്കുന്നത് പതിവ് കാഴ്ച്ചയാണെന്ന് പ്രദേശവാസികൾ പറയുന്നു. പാവറട്ടിയിൽനിന്ന് ഒരുമനയൂർ- മുത്തംകാവ് റോഡിലൂടെ ദേശീയപാത 66 ൽ പ്രവേശിക്കാനുള്ള എളുപ്പ മാർഗമാണ് ഈ റോഡ്. കടപ്പുറം, ചാവക്കാട് പ്രദേശങ്ങളിലേക്കും ഈ വഴിയെ ആശ്രയിക്കാം. റോഡിന്റെ ശോചനീയാവസ്ഥക്കെതിരെ രാഷ്ട്രീയ പാർട്ടികളും ആക്ഷൻ കൗൺസിലും നിരവധി പ്രതിഷേധങ്ങൾ സംഘടിപ്പിച്ചിരുന്നു. റോഡ് അറ്റകുറ്റപ്പണി നടത്തി സഞ്ചാരയോഗ്യമാക്കാൻ മരാമത്ത് വകുപ്പോ പഞ്ചായത്ത് അധികൃതരോ തയാറാകുന്നില്ലെന്ന് നാട്ടുകാർ ആരോപിച്ചു.
വാഴ നട്ട് റോഡ് ഉപരോധം
പാവറട്ടി : പാവറട്ടി- കുണ്ടുവക്കടവ് റോഡിന്റെ ശോചനീയാവസ്ഥയിൽ പ്രതിഷേധിച്ച് വാഴ നട്ട് റോഡ് ഉപരോധിച്ച് ആക്ഷൻ കമ്മിറ്റി ഫോർ റോഡ് സേഫ്റ്റി കമ്മിറ്റി. ആക്ഷൻ കമ്മിറ്റി ചെയർമാൻ എൻ.ജെ. ലിയോ റോഡ് ഉപരോധ സമരം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി നിസാർ മരുതയൂർ അദ്ധ്യക്ഷനായി. ഭാരവാഹികളായ എ.കെ. ഷിഹാബ് , ഷഫീക് വെന്മേനാട്, ഷബീർ ഏറത്ത്, ടി.കെ.സുബ്രഹ്മണ്യൻ, സി.കെ. തോബിയസ് എന്നിവർ സംസാരിച്ചു.
വർഷങ്ങളായി തകർന്ന പാവറട്ടി കുണ്ടുവക്കടവ് റോഡ് അടക്കം മണലൂർ മണ്ഡലത്തിലെ റോഡുകൾ എത്രയും പെട്ടെന്ന് നന്നാക്കണം. പൊതുമരാത്ത് അധികാരികൾ, മണലൂർ മണ്ഡലം എം.എൽ.എ,എം.പി, പാവറട്ടി പഞ്ചായത്ത് അധികാരികൾ എന്നിവർ എത്രയും പെട്ടെന്ന് ഉചിതമായ നടപടികൾ സ്വീകരിക്കണം. അല്ലാത്ത പക്ഷം ശക്തമായ ജനകീയ സമരത്തിന് നേതൃത്വം നൽകും.
ആക്ഷൻ കമ്മിറ്റി ഫോർ റോഡ് സേഫ്റ്റി