പാവറട്ടി : പൊന്നാനി തൃക്കാവ് ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിന്റെ പുനരുദ്ധാരണ പ്രവർത്തനത്തിന്റെ ഭാഗമായി പുതുതായി നിർമ്മിച്ച വ്യാളി രൂപങ്ങളുടെയും ഗജമുഷ്ടികളുടെയും നിർമ്മാണം പൂർത്തിയായി. പൂർണമായും തേക്ക് മരത്തിലാണ് നിർമ്മാണം. എട്ട് വ്യാളിരൂപങ്ങളും 8 ഗജമുഷ്ടികളും ദുർഗാ ഭഗവതിയുടെയും ശ്രീകൃഷ്ണ ക്ഷേത്രത്തിന്റെയും ശ്രീകോവിലിന് മുകളിൽ 8 മുഖപ്പുകളും നിർമ്മിച്ചിട്ടുണ്ട്. ദാരു ശിൽപ്പി എളവള്ളി നന്ദനാണ് ശിൽപ്പങ്ങൾ നിർമ്മിച്ചത്. നിർമാണ പ്രവർത്തനത്തിൽ നവീൻ, വിനോദ് മാരായമംഗലം, പ്രസാദ്, ആശ മോൻ, സന്തോഷ്, കേശവൻ, ദിവേക്, ബാലൻ, അനിയൻ, പരമേശ്വരൻ, അഖിൽ എന്നിവർ സഹായികളായി. എളവള്ളിയിലെ പണിപ്പുരയിലാണ് ശിൽപ്പങ്ങൾ നിർമിച്ചത്. ഈ നിർമാണ പ്രവർത്തികൾ വഴിപാടായി സമർപ്പിക്കുന്നത് തൃക്കാവ് ഈശ്വർ നിവാസിൽ എ.ആർ. ബാലകൃഷ്ണസ്വാമി എന്ന ഭക്തനാണ്.