മാള: പൊയ്യ അഡാക് ഫാമിൽ തൊഴിലാളികൾക്ക് ഒഴിവ് കൊടുക്കാതെ വീക്കിലി ഓഫ് ആക്കി മാറ്റുകയും ജോലി സമയം 12 മണിക്കൂറാക്കുകയും ചെയ്ത മാനേജിംഗ് ഡയറക്ടറുടെ നടപടികൾക്കെതിരെ മുൻ എം.എൽ.എ: ടി.യു. രാധാകൃഷ്ണൻ പ്രസിഡന്റായ കൃഷ്ണ കോട്ട ദേശീയ ഫിഷ് ഫാം വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി) എ.ഡി.എ.കെ പ്രതിഷേധിച്ചു. പൊയ്യ ഫാമിന്റെ വിവിധ പ്രവൃത്തികൾ, തീറ്റ, മത്സ്യക്കുഞ്ഞുങ്ങൾ ഇവ ലഭ്യമാക്കിയ ഇനത്തിൽ വിവിധ സ്ഥാപനങ്ങൾക്ക് നൽകാനുള്ള ലക്ഷക്കണക്കിന് രൂപ തടഞ്ഞ് ഫാമിന്റെ തുടർപ്രവർത്തനങ്ങൾ മാനേജ്‌മെന്റ് പിന്നോട്ടാക്കിയെന്ന് പ്രതിഷേധക്കാർ ആരോപിച്ചു.

അക്വാ ടൂറിസം പദ്ധതിക്കായി അനുവദിച്ച 10 ലക്ഷം രൂപയ്ക്ക് വാങ്ങിയ ബോട്ടുകൾ ഫാമിൽ കിടന്നു നശിക്കുകയാണെന്നും ഫാമിംഗ് പ്രവർത്തനങ്ങൾ പൊതുജനങ്ങൾക്ക് കാണുന്നതിന് ഏർപ്പെടുത്തിയ സൗകര്യം ഒഴിവാക്കിയെന്നും ആരോപണം ഉയർത്തി. സംയോജിത മത്സ്യക്കൃഷി അലങ്കാര മത്സ്യ വിത്ത് ഉത്പാദന യൂണിറ്റ് എന്നിവ പൂർണമായും അടച്ചു തുടങ്ങിയ ആരോപണങ്ങളും വാർത്താസമ്മേളനത്തിൽ യൂണിയൻ ഭാരവാഹികളായ മുൻ എം.എൽ.എ ടി.യു. രാധാകൃഷ്ണൻ, വക്കച്ചൻ അമ്പൂക്കൻ, ഹരിഹരൻ, സി.ഡി. ഡേവിസ്, വി.എൻ. ഷാജി എന്നിവർ ഉന്നയിച്ചു.