
മുണ്ടൂർ: തൃശൂർ -കുറ്റിപ്പുറം സംസ്ഥാനപാതയിലെ കുഴിയിൽ വീണ് ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സഞ്ചരിച്ചിരുന്ന ഔദ്യോഗിക വാഹനം അപകടത്തിൽപെട്ടു. മുണ്ടൂർ മഠം സ്റ്റോപ്പിനടുത്ത് ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു സംഭവം. കാറിന്റെ മുൻവശത്തെ ഇടതുഭാഗത്തെ ടയർ പൊട്ടുകയായിരുന്നു. വിവരം അറിയിച്ചതിനെ തുടർന്ന് പേരാമംഗലം പൊലീസ് സ്ഥലത്തെത്തി ടയർ മാറ്റിയ ശേഷം ജസ്റ്റിസ് കൊച്ചിയിലേക്ക് യാത്ര തിരിച്ചു.
ആർക്കും പരിക്കില്ല. കോഴിക്കോട്ടെ പൊതുപരിപാടിയിൽ പങ്കെടുത്ത് തിരിച്ചു വരുമ്പോഴായിരുന്നു അപകടം. ടയർ കുഴിയിൽ വീണതോടെ ജസ്റ്റിസ് റോഡിലിറങ്ങി. പൊലീസെത്തി ഇരുപത് മിനിറ്റോളം കഴിഞ്ഞാണ് ടയർ മാറ്റിയിട്ടത്. മാസങ്ങളായി തൃശൂർ - കുന്നംകുളം റോഡിന്റെ അപകടാവസ്ഥയെക്കുറിച്ച് വ്യാപകമായ പ്രതിഷേധമുയർന്നിരുന്നു. കാലവർഷത്തിന്റെ തുടക്കത്തിൽ ഇരുപത് കിലോമീറ്ററോളം ദൂരം തകർന്നടിഞ്ഞ റോഡിലൂടെയുള്ള യാത്ര രണ്ടുതവണ മുഖ്യമന്ത്രി ഒഴിവാക്കിയത് വലിയ വിവാദമായിരുന്നു.
തുടർന്ന് പാച്ച് വർക്ക് നടത്താൻ തീരുമാനിച്ചു. അറ്റകുറ്റപ്പണികൾ ഇന്നലെ പൂർത്തിയാക്കണമെന്ന് തിങ്കളാഴ്ച എം.എൽ.എമാരും ജില്ലാ കളക്ടറും പങ്കെടുത്ത യോഗത്തിൽ കർശനനിർദ്ദേശം നൽകിയിട്ടും പണികൾ പൂർത്തിയാക്കിയിരുന്നില്ല. ക്വാറി വേസ്റ്റിട്ട് അടച്ചതിനാൽ റോഡ് നിറയെ പൊടിയാണ്. ചിലയിടങ്ങളിൽ മാത്രമാണ് കുറച്ചെങ്കിലും ടാറിടാനായത്. ചൂണ്ടൽപ്പാടത്ത് യന്ത്രസഹായത്തോടെ ടാറിട്ടിരുന്നു. മറ്റിടങ്ങളിലും ഇതേ രീതിയിൽ ടാറിടണമെന്നാണ് ആവശ്യം. റീബിൽഡ് കേരള പദ്ധതിയുടെ ഭാഗമായിട്ടാണ് തൃശൂർ- കുറ്റിപ്പുറം സംസ്ഥാന ഹൈവേയുടെ വികസനം നടക്കുന്നത്. നിലവിലെ റോഡ് പൊളിച്ചുകളഞ്ഞ് കോൺക്രീറ്റ് റോഡാണ് നിർമ്മിക്കുന്നത്.