തൃശൂർ: എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന സംസ്ഥാന സർക്കാരിന്റെ കർമ്മ പരിപാടിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തൊട്ടാകെ നടത്തപ്പെടുന്ന പട്ടയമേളയുടെ ഭാഗമായി ജില്ലയിൽ 2147 പട്ടയങ്ങളും 24 വനാവകാശരേഖകളും വിതരണം ചെയ്തു. തൃശൂർ, ചാവക്കാട്, മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂർ എന്നീ താലൂക്കുകളിൽ നടത്തിയ പട്ടയമേള റവന്യൂ മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്തു.
തൃശൂർ താലൂക്കിലെ 425 ലാൻഡ് ട്രിബ്യൂണൽ (ദേവസ്വം) പട്ടയങ്ങളും, 580 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളും, 5 പുറമ്പോക്ക് പട്ടയങ്ങളും, 71 വനഭൂമി പട്ടയങ്ങളും വിതരണം ചെയ്തു. ചാവക്കാട് താലൂക്കിലെ 65 ലാൻഡ് ട്രിബ്യൂണൽ (ദേവസ്വം) പട്ടയങ്ങളും, 68 ലാൻഡ് ട്രിബ്യൂണൽ പട്ടയങ്ങളും, 5 സുനാമി പട്ടയങ്ങളും, 14കോളനി പട്ടയങ്ങളും, ഒരു മിച്ചഭൂമി പട്ടയവും വിതരണം ചെയ്തു.
പി. ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. എം.എൽ.എമാരായ എൻ.കെ. അക്ബർ, സി.സി. മുകുന്ദൻ, സേവ്യർ ചിറ്റിലപ്പിള്ളി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, കളക്ടർ അർജുൻ പാണ്ഡ്യൻ, സബ് കളക്ടർ അഖിൽ വി. മേനോൻ തുടങ്ങിയവർ പങ്കെടുത്തു.