തൃശൂർ: യുവജനങ്ങളുടെ കലാപരവും കായികവുമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിന് അവസരം ഒരുക്കുക, സാഹോദര്യവും സഹകരണബോധവും സഹവർത്തിത്വവും വളർത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ആരംഭിച്ച കേരളോത്സവങ്ങളുടെ നടത്തിപ്പ് പ്രതിസന്ധിയിലേക്ക്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത്തവണ കാര്യങ്ങൾ അനിശ്ചിതത്വത്തിലെത്തിച്ചത്. കഴിഞ്ഞ ഒക്ടോബറിൽ പഞ്ചായത്ത് തലത്തിൽ മത്സരങ്ങൾ ആരംഭിച്ചെങ്കിലും ഇത്തവണ അതും നടക്കുമോയെന്ന കാര്യം സംശയമാണ്.
കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരും യുവജനക്ഷേമ ബോർഡുമാണ്. ഗ്രാമ, ബ്ലോക്ക്, ജില്ലാ, സംസ്ഥാനതലം വരെയുള്ള കേരളോത്സവങ്ങൾക്കായി ഫണ്ട് അനുവദിക്കണം. എന്നാൽ ഇപ്പോഴത്തെ സാമ്പത്തികനില കണക്കിലെടുത്ത് ഇത്രയും തുക അനുവദിക്കാനുള്ള സാഹചര്യം ഇല്ലെന്നാണ് അധികൃതരുടെ പക്ഷം. കേരളോത്സവം നടത്തുന്നത് സംബന്ധിച്ച അപേക്ഷ യുവജന ക്ഷേമ ബോർഡ് സർക്കാരിന് ഉടൻ നൽകിയേക്കുമെന്നാണ് അറിയുന്നത്.
ഡിസംബറോടെ സംസ്ഥാനതലം വരെയുള്ളവ അവസാനിക്കുന്ന തരത്തിലാണ് കേരളോത്സവം ക്രമീകരിക്കാറുള്ളത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ സർക്കാർ അനുമതി നൽകിയാലും ഒക്ടോബറിൽ നടക്കാനുള്ള സാഹചര്യമില്ല. പങ്കാളിത്തം ഏറെയുള്ള പഞ്ചായത്ത് തല കേരളോത്സവങ്ങൾക്കായി നിസാര തുക മാത്രമാണ് അനുവദിക്കാറുള്ളത്. ബാക്കി തുക പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും തങ്ങളുടെ തനത് ഫണ്ടിൽ നിന്നും സ്‌പോൺസർമാർ വഴിയും കണ്ടെത്തുകയാണ് പതിവ്.
കലാകായിക മത്സരങ്ങൾ പഞ്ചായത്ത് തലങ്ങളിൽ പൂർത്തിയാക്കണമെങ്കിൽ ചുരുങ്ങിയത് അഞ്ച് ദിവസമെങ്കിലും വേണം. കഴിഞ്ഞ കുറെ കാലങ്ങളായി ജില്ലാതലം വരെ വാശിയേറിയ മത്സരങ്ങളാണ് നടക്കാറുള്ളത്. 15 വയസ് മുതൽ 40 വയസ് വരെയുള്ളവർക്കാണ് മത്സരിക്കാൻ അവസരം.
സംഘാടനം
ഗ്രാമ, മുനിസിപ്പൽ തലങ്ങളിൽ തദ്ദേശ സ്ഥാപനങ്ങൾ നേരിട്ടാണെങ്കിൽ ബ്ലോക്ക് തലം മുതൽ തദ്ദേശ സ്ഥാപനങ്ങൾക്കൊപ്പം യുവജനക്ഷേമ ബോർഡും സംഘടനത്തിൽ പങ്കാളികളാകും. യുവജനക്ഷേമ ബോർഡ് നേരിട്ടാണ് സംസ്ഥാന തല കേരളോത്സവം സംഘടിപ്പിക്കാറ്. പ്രാദേശികതലം മുതൽ സംഘാടക സമിതികൾ രൂപീകരിച്ചാണ് കേരളോത്സവങ്ങൾ സംഘടിപ്പിക്കാറുള്ളത്. നിലവിൽ സർക്കാർ അനുമതി ലഭിക്കാത്തതിനെത്തുടർന്ന് പ്രാരംഭ പ്രവർത്തനങ്ങൾ പോലും ആരംഭിച്ചിട്ടില്ല.
പ്രാദേശിക ക്ലബ്ബുകളുടെ വളർച്ചയ്ക്ക് വിഘാതം
കേരളോത്സവങ്ങളിലൂടെ നിരവധി പ്രാദേശിക ക്ലബുകൾ രൂപപ്പെട്ടിട്ടുണ്ട്. പലരും മാസങ്ങൾക്ക് മുൻപേ പരിശീലനം ആരംഭിക്കാറുണ്ട്. ആയിരക്കണക്കിന് രൂപ ചെലവഴിച്ചാണ് പല ക്ലബ്ബുകളും മത്സരത്തിന് ഇറങ്ങുന്നത്. ബ്ലോക്ക് തലം മുതലാണ് കാഷ് പ്രൈസ് നൽകുക. ബ്ലോക്ക് തലത്തിൽ മികച്ച ക്ലബ്ബിന് നൽകുന്നത് 5000 രൂപയാണ് സമ്മാനം. ജില്ലാതലത്തിൽ പതിനായിരം രൂപയും സംസ്ഥാനതലത്തിൽ 1,50000 രൂപയുമാണ് സമ്മാനത്തുക. ജില്ലാതലം മുതൽ കലാകായിക പ്രതിഭകൾക്ക് കാഷ് അവാർഡ് നൽകുന്നുണ്ട്. ഗ്രാമതലം മുതൽ സംസ്ഥാനലം വരെ അഞ്ച് ലക്ഷത്തോളം യുവതി യുവാക്കളാണ് കേരളോത്സവത്തിൽ പങ്കാളികളാകുന്നുണ്ടെന്നാണ് കണക്ക്.