1

പുതുക്കാട് : ഷെല്ലാക്രമണത്തിൽ തകർന്ന മൃതദേഹം വികൃതമായ നിലയിലായതിനാൽ വീട്ടിൽ വെച്ച് പെട്ടിയിൽ നിന്നും പുറത്തെടുക്കാനായില്ല. അതിനാൽ ഉറ്റവർക്ക് മൃതദേഹം ഒരു നോക്ക് കാണാനായില്ല. വീടിന്റെ പുരോഗതി ലക്ഷ്യമാക്കിയാണ് റഷ്യയിലേക്ക് സന്ദീപ് പോകാൻ തയ്യാറായത്. മോസ്‌ക്കോയിൽ റസ്റ്റോറന്റിൽ ജോലിയും നല്ല ശമ്പളവും വാഗ്ദാനം ചെയ്താണ് ചാലക്കുടിയിലെ ഏജൻസി വഴി കഴിഞ്ഞ എപ്രിലിൽ മലയാളികളായ മറ്റ് എഴുപേരോടൊപ്പം സന്ദീപ് റഷ്യയിലേക്ക് പോയത്. റഷ്യയിലെ സൈനിക കാന്റീനിലാണ് ജോലിയെന്നായിരുന്നു വീട്ടിൽ അറിയിച്ചിരുന്നത്. പിന്നീട് സന്ദീപിന്റെ പാസ്‌പോർട്ട് കളഞ്ഞു പോയതായി അറിയിച്ചു.
റഷ്യൻ സൈന്യത്തിൽ ജോലിയും, റഷ്യൻ പൗരത്വവും ലഭിക്കാനായിട്ടാണ് ഇന്ത്യൻ പാസ്‌പോർട്ട് കളഞ്ഞതെന്നാണ് കരുതുന്നത്. ആഗസ്റ്റ് ഒന്നിനാണ് സന്ദീപ് ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.


യാത്രാമൊഴി നൽകാൻ നൂറുകണക്കിനാളുകൾ

നേരം പുലർന്നതോടെ നൂറുകണക്കിനാളുകളുടെ ഒഴുക്കായിരുന്നു നായരങ്ങാടിയിലെ സന്ദീപിന്റെ വീട്ടിലേക്ക്. റവന്യൂമന്ത്രി കെ.രാജൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്.പ്രിൻസ് , അംഗം അഡ്വ. ജോസഫ് ടാജറ്റ് , പഞ്ചായത്ത് പ്രസിഡന്റ് സുന്ദരി മോഹൻദാസ് , ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങി സമൂഹത്തിന്റെ നാനാതുറകളിൽപെട്ട ഒട്ടേറെ പേർ അന്ത്യാഞ്ജലിയർപ്പിച്ചു.