കഴിഞ്ഞ വർഷം 68 ലക്ഷം രൂപ വരുമാനം
പുതുക്കാട്: കഴിഞ്ഞ വർഷം 68 ലക്ഷം രൂപ വരുമാനം നേടിയ പുതുക്കാട് റെയിൽവേ സ്‌റ്റേഷൻ ഇന്നും അവഗണനയുടെ വക്കിൽതന്നെ. പുതുക്കാട് നിന്നും ഓൺലൈൻ റിസർവേഷനിലൂടെ ടിക്കറ്റെടുത്ത യാത്രക്കാരുടെ എണ്ണവും ഗണ്യമായ വർദ്ധിച്ചു. പ്ലാറ്റ്‌ഫോമുകളുടെ അസൗകര്യക്കുറവും പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാതയും എന്നും യാത്രക്കാർക്ക് ദുരിതമാണ് സമ്മാനിക്കുന്നത്. ട്രെയിന്റെ 24 കോച്ചുകളും രണ്ടാം പ്ലാറ്റ്‌ഫോമിൽ നിറുത്താൻ സാധിക്കാത്ത അവസ്ഥയാണ്. ബാംഗ്ലൂരിലേക്കുള്ള റിസർവേഷൻ യാത്രക്കാരടക്കം എ.സി ടു ടയർ കോച്ചിലെ യാത്രക്കാർ ട്രെയിനിൽ കയറാൻ ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ടെന്ന് യാത്രക്കാർ പറയുന്നു. 24 കോച്ചുകളും നിൽക്കുന്ന വിധത്തിൽ രണ്ടാം പ്ലാറ്റ്‌ഫോം ദീർഘിപ്പിക്കാൻ സ്‌റ്റേഷൻ യാർഡിൽ മാറ്റം വരുത്തേണ്ടതുണ്ട്. കൂടാതെ രണ്ട് പ്ലാറ്റ്‌ഫോമുകളിലും കൂടുതൽ മേൽക്കൂരകളും രണ്ട് പ്ലാറ്റ്‌ഫോമുകളെ ബന്ധിപ്പിക്കുന്ന നടപ്പാതയും വികസിപ്പിക്കേണ്ടത് അടിസ്ഥാന ആവശ്യങ്ങളാണ്.
17 ട്രെയിനുകൾക്ക് സ്റ്റോപ്പ്
ബാംഗ്ലൂർ കന്യാകുമാരി ഐലന്റ് എക്‌സ്പ്രസ്, കന്യാകുമാരി മംഗലാപുരം പരശുറാം എക്‌സ്പ്രസ്, ആലപ്പുഴ കണ്ണൂർ എക്‌സിക്യുട്ടീവ് എക്‌സ്പ്രസ്, ഗുരുവായൂർ മധുര എക്‌സ്പ്രസ്, നിലമ്പൂർ കോട്ടയം എക്‌സ്പ്രസ് എന്നീ എക്‌സ്പ്രസ് ഉൾപ്പെടെ മൊത്തം 17 ട്രെയിനുകളാണ് സ്‌റ്റേഷനിൽ സ്‌റ്റോപ്പുള്ളത്. കഴിഞ്ഞ വർഷം മൊത്തം മൂന്നരലക്ഷത്തോളം യാത്രക്കാരാണ് സ്‌റ്റേഷനെ ആശ്രയിച്ചത്.
കൂടുതൽ സ്‌റ്റോപ്പ് അനുവദിച്ചാൽ ഗ്രേയ്ഡ് ഉയരും
നിലവിൽ അറുപത്തിയെട്ട് ലക്ഷം വരുമാനം ആണെങ്കിലും ഷൊർണ്ണൂർ- തിരുവനന്തപുരം വേണാട് ,ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി, പാലക്കാട്- തുത്തുക്കുടി, പാലരുവി മുതലായ തീവണ്ടികൾക്ക് സ്‌റ്റോപ്പ് അനുവദിച്ചാൽ വരുമാനം ഒരു കോടിക്ക് മുകളിൽ എത്തുമെന്ന് പാസഞ്ചേഴ്‌സ് അസോസിയേഷൻ പറയുന്നു. നിലവിൽ എൻ.എസ്.ജി ഗ്രേയ്ഡ് ആറ് കാറ്റഗറിയിലുള്ള സ്‌റ്റേഷന്റെ പദവി ആറിൽ നിന്ന് അഞ്ചിലേയ്ക്ക് മാറും.
വേണം കെ.എസ്.ആർ.ടി.സി ബസുകൾ
തൃശൂരിൽ നിന്ന് എറണാകുളം ഭാഗത്തേക്ക് മണ്ണുത്തി, നടത്തറ മേഖലയിൽ നിന്ന് നിരവധി യാത്രക്കാർ പുതുക്കാട് സ്‌റ്റേഷനെ ആശ്രയിക്കുന്നുണ്ട്. വൈകീട്ട് ഷൊർണ്ണൂർ മെമു, കണ്ണൂർ എക്‌സിക്യൂട്ടീവ് പുതുക്കാട് എത്തുന്ന സമയം കെ.എസ്.ആർ.ടി.സി ബസുകൾ മണ്ണുത്തി മേഖലയിലേക്ക് അനുവദിച്ചാൽ യാത്രക്കാരുടെ എണ്ണം ഇനിയും വർദ്ധിക്കും.
ട്രെയിൻ യാത്രക്കാർ
പാർക്കിംഗ് പരിധി
റെയിൽവേ സ്‌റ്റേഷന്റെ കവാടത്തിന് സമീപമുള്ള മുപ്പത് സെന്റും പാഴായി സൈഡിലും വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യമൊരുക്കണ മെന്നാണ് യാത്രക്കാരുടെ പ്രധാന ആവശ്യം.
വേണ്ടത് എം.പിയുടെ ഇടപെടൽ
തൃശൂർ എം.പി കൂടിയായി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ സമഗ്ര ഇടപെടൽ പുതുക്കാട് റെയിൽവേ സ്‌റ്റേഷന്റെ വികസനത്തിന് അത്യാവശ്യമാണെന്ന് നാട്ടുകാർ പറയുന്നു.