തൃശൂർ: ഹീവാൻ നിധി തട്ടിപ്പ് കേസിൽ ജയിലിൽ കഴിയുന്ന തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സുന്ദർമേനോന് അവധി അനുവദിച്ചത് വാർഷിക ജനറൽ ബോഡി യോഗത്തിൽ ചോദ്യം ചെയ്യാൻ പാടില്ലെന്ന് ഭരണസമിതി. അംഗങ്ങളായ സി. ഗോപിനാഥ്, വി.എ. നാരായണ മേനോൻ എന്നിവർക്കാണ് ഭരണസമിതി വിലക്ക് ഏർപ്പെടുത്തിയത്. കഴിഞ്ഞ യോഗത്തിലും ഇവർക്ക് ഭരണസമിതി വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനെതിരെ ഇവർ പൊലീസിൽ പരാതിപ്പെട്ടെങ്കിലും വേണ്ടത്ര നടപടിയുണ്ടായില്ല.
സുന്ദർമേനോൻ ചെയർമാനായ ഹീവാൻ നിധി തട്ടിപ്പ് കേസിൽ ഇതിനകം 170ലധികംപേരുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ പേർ അനുദിനം പരാതിയുമായി മുന്നോട്ടുവരുന്നുമുണ്ട്. ഈ സാഹചര്യത്തിൽ തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് സുന്ദർമേനോൻ തുടരുന്നത് ഉചിതമല്ലെന്നാണ് ഗോപിനാഥും നാരായണമേനോനും ആവശ്യപ്പെട്ടത്. ദേവസ്വം ഭരണസമിതിക്കെതിരെ പരാതി നൽകിയെന്നതാണ് ഇവർക്ക് വിലക്ക് ഏർപ്പെടുത്താൻ കാരണം. ഇവർക്ക് മൈക്ക് നൽകുന്നതിനും യോഗത്തിൽ വിലക്ക് ഏർപ്പെടുത്തി.
പണംതട്ടിപ്പ് കേസിൽ അന്വേഷണം നേരിടുന്നതിന്റെ ഭാഗമായി തിരുവമ്പാടി ദേവസ്വം പ്രസിഡന്റ് സ്ഥാനത്ത് നിന്ന് താത്കാലികമായി മാറി നിൽക്കണമെന്ന ആവശ്യം നേരത്തെ തന്നെ ഉയർന്നിരുന്നു. വൈസ് പ്രസിഡന്റ് പ്രശാന്ത് മേനോന്റെ അദ്ധ്യക്ഷതയിലാണ് വാർഷികജനറൽ ബോഡിയോഗം ചേർന്നത്. ഇതിനിടെ വൻ സാമ്പത്തിക ബാദ്ധ്യത ഉണ്ടെന്ന് വാർഷിക റിപ്പോർട്ട് തെളിയിക്കുന്നു. 2024 മാർച്ച് 31 വരെയുള്ള കണക്ക് പ്രകാരം അറുപതു ലക്ഷത്തോളം രൂപയുടെ അധികച്ചെലവാണ് ഉണ്ടായിട്ടുള്ളത്.
കൂടാതെ ദേവസ്വം വിവിധ വ്യക്തികളിൽ നിന്ന് വായ്പ എടുത്തതിൽ പലിശ ഇനത്തിൽ നൽകാനുള്ളത് കോടികളാണ്. കഴിഞ്ഞ പൂരത്തിൽ പൂരം അലങ്കോലപ്പെട്ടത് പൊലീസ് നടപടി മൂലമാണെന്ന കുറ്റപ്പെടുത്തലും വാർഷിക റിപ്പോർട്ടിൽ ഉണ്ട്.