 
കൊടുങ്ങല്ലൂർ / കയ്പമംഗലം: ആർ.എസ്.എസ് പ്രമാണിമാരുടെ അടുത്ത് കിന്നാരം പറയാൻ പോകുന്ന ഒരാൾ പൊലീസിന്റെ എ.ഡി.ജി.പി പദവിയിൽ ഇരിക്കാൻ അർഹനല്ലെന്നും എ.ഡി.ജി.പി: എം.ആർ. അജിത്ത് കുമാറിനെ ക്രമസമാധാനച്ചുമതലയിൽ നിന്നും മാറ്റിയേ തീരൂവെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു. സി.പി.ഐ കയ്പമംഗലം മണ്ഡലം കമ്മിറ്റി ഓഫീസായ പി.കെ. ഗോപാലകൃഷ്ണൻ സ്മാരക മന്ദിരം ഉദ്ഘാടനം മതിലകത്ത് നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഈ വിഷയത്തിൽ സി പി ഐക്കുള്ളത് ഉറച്ച നിലപാടാണ്. സർക്കാർ നയങ്ങൾക്ക് അനുസൃതമായി പ്രവർത്തിക്കനറിയുന്ന ആളായിരിക്കണം എ.ഡി.ജി.പി. നിലമ്പൂർ എം.എൽ.എ രക്ഷകനല്ല. പണത്തിന്റെയും പ്രതാപത്തിന്റെയും ഹുങ്കിന്റെയും രാഷ്ട്രീയത്തെ മാത്രം വലുതായി കാണുന്ന ഒരാൾ പെട്ടെന്ന് പൊട്ടിമുളച്ചിട്ട് ഞാൻ രക്ഷിക്കാമെന്നു പറഞ്ഞാൽ അതുകേട്ട് സി.പി.ഐയുടെയോ സി.പി.എമ്മിന്റെയോ എൽ.ഡി.എഫിന്റെയോ ഒരാൾ പോലും പോകാൻ പോകുന്നില്ല. സി.പി.ഐയ്ക്കും സി.പി.എമ്മിനും ഒരു വഴിയാണെന്നും അദ്ദേഹം പറഞ്ഞു. ഇ.ടി. ടൈസൺ എം.എൽ.എ അദ്ധ്യക്ഷനായി. ദേശീയ എക്‌സിക്യൂട്ടീവ് അംഗം കെ.പി. രാജേന്ദ്രൻ ലൈബ്രറിയുടെ ഉദ്ഘാടനവും റവന്യു വകുപ്പ് മന്ത്രി കെ. രാജൻ മീറ്റിംഗ് ഹാളിന്റെ ഉദ്ഘാടനവും നിർവഹിച്ചു. സി.പി.ഐ സംസ്ഥാന എക്‌സി. അംഗം സി.എൻ. ജയദേവൻ പതാക ഉയർത്തി. സംസ്ഥാന കൗൺസിൽ അംഗങ്ങളായ വി.എസ്. സുനിൽകുമാർ, കെ.ജി. ശിവാനന്ദൻ, ജില്ലാ അസി. സെക്രട്ടറി ടി.ആർ. രമേഷ് കുമാർ, ജില്ലാ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ. സുധീഷ്, കെ.എസ്. ജയ, കേരള ഫീഡ്‌സ് ചെയർമാൻ കെ. ശ്രീകുമാർ, മണ്ഡലം സെക്രട്ടറി ടി.പി. രഘുനാഥ്, സി.പി.ഐ ജില്ലാ കൗൺസിൽ അംഗം പി.വി. മോഹനൻ, പി.കെ.യുടെ മകൾ ഡോ. ലസിത, സംഘാടക സമിതി ട്രഷറർ അഡ്വ. എ.ഡി. സുദർശനൻ തുടങ്ങിയവർ സംസാരിച്ചു. ഉദ്ഘാടന സമ്മേളനത്തിന് മുന്നോടിയായി നിരവധി പ്രവർത്തകർ അണിനിരന്ന പ്രകടനവും നടന്നു.