rk

കയ്പമംഗലം: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ദേശീയപാത 66ൽ കയ്പമംഗലം മൂന്നുപീടിക സെന്ററിൽ ഡിവൈഡറുകൾ സ്ഥാപിച്ചു. അറവുശാല പെട്രോൾപമ്പ് മുതൽ മൂന്നുപീടിക തെക്കേ ബസ് സ്റ്റോപ്പ് വരെയാണ് താത്കാലികമായി ഡിവൈഡറുകൾ സ്ഥാപിച്ചിരിക്കുന്നത്. മൂന്നുപീടികയിൽ വളരെക്കാലങ്ങളായി തുടരുന്ന ഗതാഗതകുരുക്ക് നിയന്ത്രിക്കാൻ നടപടി വേണമെന്ന പൊലീസ് നിർദ്ദേശപ്രകാരാമാണ് ദേശീയപാതാ അധികൃതർ ഡിവൈഡറുകൾ സ്ഥാപിച്ചത്. തിരക്കുള്ള സമയങ്ങളിൽ മുന്നിൽ കയറിപ്പറ്റാൻ ബസുകൾ ദിശ തെറ്റിച്ചുവരുന്നതും പോട്ട മൂന്നുപീടിക തിരിയുന്ന ജംഗ്ഷനിലും ബീച്ച് റോഡിലേക്ക് തിരിയുന്ന ജംഗ്ഷൻ റോഡിനും ആവശ്യത്തിന് യാത്രാ സൗകര്യം ഇല്ലാത്തതുമാണ് മൂന്നുപീടികയിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണം.ഗതാഗതക്കുരുക്കിന് താത്കാലിക പരിഹാരമായാണ് പരീക്ഷണാടിസ്ഥാനത്തിൽ ഇപ്പോൾ ഡിവൈഡറുകൾ സ്ഥാപിച്ചിരിക്കുന്നതെന്നും ദേശീയപാതാ അധികൃതർ പറഞ്ഞു.

റോഡുകൾ വീതി കൂട്ടും

ഇ.ടി. ടൈസൺ എം.എൽ.എ വ്യാപാരികളുമായി സംസാരിച്ചുണ്ടാക്കിയ ധാരണയനുസരിച്ച് ഇരിങ്ങാലക്കുടയിലേയ്ക്ക് തിരിയുന്ന ജംഗ്ഷൻ റോഡ് വീതി കൂട്ടാനും പഴയ ആശുപത്രി കെ.എം.സിയുടെ റോഡിനോട് ചേർന്ന ഭാഗം പൊളിച്ചു മാറ്റുന്ന നടപടികൾ അതിവേഗം പൂർത്തിയാക്കാനും തീരുമാനിച്ചിട്ടുണ്ട്.