1

വടക്കാഞ്ചേരി : എരുമപ്പെട്ടി കണ്ടംചിറ വനത്തിലെ ചെറുചക്കിച്ചോലയിലെ ഒരു കിലോമീറ്റർ വനയാത്ര വല്ലാത്തൊരു അനുഭവമാണ്. ചോല, ചെക്ക് ഡാം, വെള്ളച്ചാട്ടം, മല്ലൻ തറ, തട്ടുമട, പാർവതി കല്ല്, അഞ്ചുയൂക്കാലി, വാച്ച് ടവർ എന്നിങ്ങനെ സഞ്ചാരികളെ ആകർഷിക്കുന്ന ഇടങ്ങളേറെ. അപകട സാദ്ധ്യത കുറവായതിനാൽ കുടുംബാംഗങ്ങൾ ഒന്നിച്ചായിരുന്നു കാടുകയറ്റം. അവധി ദിനങ്ങളിൽ ആയിരത്തിലധികം പേരെത്തും. തിരക്കേറിയതോടെ ചെക്കുഡാമിലും മറ്റും കുളിക്കാനിറങ്ങി അപകടത്തിൽപെടുന്നത് പതിവായതോടെ സുരക്ഷാ പ്രശ്നം പറഞ്ഞാണ് രണ്ട് വർഷം മുമ്പ് വനംവകുപ്പ് കേന്ദ്രം അടച്ചത്.

രണ്ട് വർഷമായി ഇവിടേക്ക് പ്രവേശനമില്ല. 2022 സെപ്തംബർ 25ന് ചോലയിലെ ചെക്കുഡാമിൽ ചാവക്കാട് തിരുവത്ര സ്വദേശിയായ ഷഫാഹ് (17) മുങ്ങി മരിച്ചതോടെയായിരുന്നു നിയന്ത്രണം. സുരക്ഷയ്ക്ക് ജീവനക്കാരില്ലാത്തതിനാൽ വരവൂർ സ്വദേശി സിനാനും അപകടത്തിൽപെട്ടിരുന്നു. ചാവക്കാട്‌ - വടക്കാഞ്ചേരി സംസ്ഥാനപാതയിലെ മങ്ങാട്ട് നിന്നും, കുണ്ടന്നൂർ തലശ്ശേരി പാതയിലെ ചിറ്റണ്ട കവലയിൽ നിന്നും കേന്ദ്രത്തിലെത്താം. ആധുനിക റോഡും സജ്ജമാണ്. ഒട്ടേറെ സാദ്ധ്യതയുള്ള ചെറുചക്കി ചോലയുടെ വികസനം അട്ടിമറിക്കുന്നത് വനം വകുപ്പാണെന്ന് എരുമപ്പെട്ടി പഞ്ചായത്ത് ആരോപിക്കുന്നു. ടൂറിസം വകുപ്പും, വനം വകുപ്പും സംയുക്തമായാണ് പദ്ധതി തയ്യാറാക്കിയത്. ഇതിന് എ.സി.മൊയ്തീൻ എം.എൽ.എ ആദ്യഘട്ടമായി 18 ലക്ഷം അനുവദിച്ചു. രണ്ടാം ഘട്ടത്തിന് 80 ലക്ഷത്തിന്റെ പദ്ധതിയും തയ്യാറാക്കി. ഇതോടെയാണ് നിയന്ത്രണം വന്നത്. 2019 ഫെബ്രുവരിയിൽ നിർമ്മാണോദ്ഘാടനം നടന്നു. ശുചിമുറികളും, നടപ്പാത ടൈൽ വിരിക്കലും പൂർത്തിയായി. ടിക്കറ്റ് കൗണ്ടർ, സൂചനാ ബോർഡ്, ഇരിപ്പിടങ്ങൾ, സൈക്കിൾ പാത, ട്രക്കിംഗ് എന്നിവ പദ്ധതിയിലുണ്ട്.

പദ്ധതി തകർക്കുന്നത് വനം വകുപ്പ്

ഒരു ചർച്ചയും നടത്താതെ വനം വകുപ്പ് ചോലയിലേക്കുള്ള പ്രവേശനം നിരോധിച്ചു. വനത്തിന്റെ ചുമതല കണ്ടൻചിറ വന സംരക്ഷണ സമിതിക്കാണ്. കാലാവധി കഴിഞ്ഞിട്ടും വി.എസ്.എസ്. പുനഃസംഘടിപ്പിച്ചിട്ടില്ല. 13 അംഗ കമ്മിറ്റി നിലവിലുണ്ടെങ്കിൽ സുരക്ഷ ഒരുക്കാനാകും. അതിരപ്പിള്ളി ടൂറിസം പദ്ധതി പോലെ വളർത്തിയെടുക്കാനാകും.

എസ്. ബസന്ത് ലാൽ
പ്രസിഡന്റ്
എരുമപ്പെട്ടി പഞ്ചായത്ത്

പദ്ധതി സ്തംഭനം ഒഴിവാക്കാൻ ഊർജിത ശ്രമം നടന്നുവരികയാണ്. സുരക്ഷാ ജീവനക്കാരില്ലാത്തത് മൂലമാണ് അടച്ചിടേണ്ടി വന്നത്. വനസംരക്ഷണ സമിതിയുടെ കാലാവധി രണ്ട് വർഷമാണ്. പുതിയ കമ്മിറ്റിയെ തെരഞ്ഞെടുക്കാനുള്ള നടപടിയാരംഭിച്ചിട്ടുണ്ട്. ആവശ്യമായ ഫണ്ട് ഇല്ലാത്തത് വിഘാതമാണ്. സന്ദർശകർക്ക് ഇൻഷ്വറൻസ് അടക്കം ഏർപ്പെടുത്തണം.

മനോജ്
ഡെപ്യൂട്ടി റേഞ്ചർ
വനം വകുപ്പ്.