കൊടുങ്ങല്ലൂർ : പഴയ ദേശീയപാതയായ ടി.കെ.എസ് പുരത്തെ പ്രധാന റോഡിൽ അപകടങ്ങൾ പതിവാകുന്നു. ദിനംപ്രതി ആയിരക്കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡിൽ പരിചതമല്ലാത്തവരുടെ വാഹനങ്ങളാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. ഇവിടെ വേഗ നിയന്ത്രണ സംവിധാനം ഒരുക്കാത്തതുമൂലംടി.കെ.എസ് പുരത്തെ പ്രധാന റോഡിലേക്ക് വാഹനം ഓടിച്ചു കയറ്റുമ്പോഴാണ് അപകടങ്ങൾ ഉണ്ടാകുന്നത്. പ്രദേശത്തുള്ള വാഹന യാത്രക്കാർക്ക് റോഡിനെക്കുറിച്ച് അറിയാവുന്നതുകൊണ്ട് അവർക്ക് കാര്യമായ രീതിയിൽ പ്രശ്‌നം ഉണ്ടാകാറില്ല. അപരിചതരാണ് ഏറെയും അപകടത്തിൽപ്പെടുന്നത്. ഇന്നലെ രാവിലെയും ഇത്തരത്തിൽ അപകടം ഉണ്ടായി. ശ്രദ്ധിക്കാതെ റോഡിലേക്ക് ഓടിച്ചു കയറ്റിയ ഇരുചക്ര വാഹനം പറവൂർ ഭാഗത്തുനിന്നും വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനടിയിൽപ്പെട്ടതാണ് ഒടുവിലത്തെ അപകടം. ഇരുചക്ര വാഹനത്തിൽ സഞ്ചരിച്ചിരുന്ന രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ എറണാകുളത്തേക്ക് കൊണ്ടുപോയി. വേഗത നിയന്ത്രിക്കാൻ എന്തെങ്കിലും സംവിധാനം ഉണ്ടായിരുന്നെങ്കിൽ ഇന്നലെയുണ്ടായ അപകടം ഒഴിവാക്കാനാകുമായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു.
വേഗ നിയന്ത്രണം ഉടൻ വരും
അപകടങ്ങൾ നിത്യമായതോടെ കോൺഗ്രസ് അംഗം വി.എം. ജോണി കഴിഞ്ഞ വെള്ളിയാഴ്ച ചേർന്ന നഗരസഭാ കൗൺസിലിൽ വിഷയം ചെയർപേഴ്‌സൺ ടി.കെ. ഗീതയുടെ ശ്രദ്ധയിൽപ്പെടുത്തുകയും സ്ഥലത്ത് വേഗ നിയന്ത്രണ സംവിധാനം എത്രയുംപെട്ടെന്ന് ഒരുക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതോടെ അപകടത്തിന് താത്കാലികമായെങ്കിലും അറുതിയാകും. കൊടുങ്ങല്ലൂർ ബൈപാസിൽ നിർമ്മാണ പ്രവൃത്തികൾ നടക്കുന്നതിനാൽ വാഹനങ്ങൾ അധികവും ടി.കെ.എസ്. പുരം വഴിയുള്ള പി.ഡബ്ല്യു.ഡി റോഡിലൂടെയാണ് കടന്നുപോകുന്നത്. ഇതുമൂലം ഈ റോഡിൽ വലിയ വാഹനത്തിരക്കാണ്.