
കുന്നംകുളം: പട്ടാമ്പി റോഡിലെ വൺവേയിൽ മറികടക്കാൻ ശ്രമിക്കവേ, സ്വകാര്യ ബസ് കെ.എസ്.ആർ.ടി.സി ബസിൽ ഇടിച്ച് അപകടം. ആർക്കും പരിക്കില്ല. മേഖലയിൽ പൂർണമായും ഗതാഗതം തടസപ്പെട്ടു. ഇന്നലെ ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്കായിരുന്നു അപകടം. പട്ടാമ്പി റോഡിൽ നിന്നും ബൈജു റോഡിലേക്കുള്ള വൺവേ തിരിഞ്ഞു വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസിനെ കുന്നംകുളം കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന മഹാരാജ എന്ന സ്വകാര്യ ബസ് മറികടക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. ഇരുബസുകൾക്കും കേടുപാടുണ്ടായി. ഇടുങ്ങിയ റോഡിൽ അമിതവേഗത്തിലെത്തിയ സ്വകാര്യബസ് കെ.എസ്.ആർ.ടി.സിയെ അലക്ഷ്യമായി മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.