പാവറട്ടി : അദ്ധ്യാപക-അനദ്ധ്യാപകരുടെ അപൂർവ സംഗമത്തിന് വേദിയായി പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂൾ. 1979 ൽ സ്ഥാപിതമായ സ്‌കൂളിൽ 2024 വരെ സർവീസിൽ നിന്ന് വിരമിച്ച അദ്ധ്യാപക-അനദ്ധ്യാപകരും ഒത്തുകൂടി. 44 വർഷത്തിനിട 52 ജീവനക്കാരാണ് സർവീസിൽ നിന്ന് വിരമിച്ചത്. പ്രായവും പ്രയാസങ്ങളും മറന്ന് എല്ലാവരെയും ഒരുമിച്ചു കാണാൻ വിദേശരാജ്യങ്ങളിൽനിന്നുവരെ എത്തിയവരുണ്ട്. എല്ലാവരും എല്ലാം മറന്ന് ആടിയും പാടിയും ഒരു ദിനം അവിസ്മരണീയമാക്കി. കുസൃതി ചോദ്യങ്ങൾ, ക്വിസ് മത്സരങ്ങൾ , മ്യൂസിക് ചെയർ, സമ്മാന കൈമാറ്റ മത്സരം, മനസ്സ് തുറക്കൽ എന്നിവ നടത്തി. വിജയികൾക്ക് സമ്മാനങ്ങൾ നൽകി.
പാടൂർ അലീമുൽ ഇസ്ലാം ഹയർ സെക്കൻഡറി സ്‌കൂൾ ഓൾഡ് ടീച്ചേഴ്‌സ് അസോസിയേഷൻ (പസോട്ട )ആണ് വിരമിച്ചവരെ ഒരുമിപ്പിക്കുന്നത്. 'വിരമിച്ചൊരുമിക്കാം' എന്ന ഈ സംഗമത്തിന് പ്രഥമ പ്രിൻസിപ്പൽ ആയിരുന്ന എം.കെ.ഷംസുദ്ദീൻ, എൻ.കെ.വിമല , ആർ.പി. റഷീദ്,എം.എം. മിനി, ബോസ് ആന്റണി എന്നിവർ നേതൃത്വം നൽകി. സംഗമത്തിന് ഇ.വി.നൗഷിയ,വി.സി.ബോസ്, പി.എം.മുഹ്‌സിൻ എന്നിവർ സംസാരിച്ചു.