1

പാവറട്ടി: ചരിത്രത്തിന്റെ ഭാഗമാകേണ്ട അന്നകര ക്ഷേത്രത്തിലെ പുരാതന ചുമർച്ചിത്രങ്ങൾ സംരക്ഷിച്ചു നിലനിറുത്തേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ചരിത്രകാരൻ ഡോ.എം.ജി.ശശിഭൂഷൺ പറഞ്ഞു. തൃശൂരിലെ നാശോന്മുഖമായി കൊണ്ടിരിക്കുന്ന ചിത്രകലാ സങ്കേതം സന്ദർശിക്കുന്നതിന്റെ ഭാഗമായാണ് ശശിഭൂഷണൻ അന്നകര തൃക്കുലശേഖരപുരം അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലെത്തിയത്.

ഗുരുവായൂർ ചുമർച്ചിത്രശൈലിയുടെ ഉപജ്ഞാതാവായിരുന്ന പുലാക്കാട്ട് രാമൻ നായർ പത്തൊമ്പതാം നൂറ്റാണ്ടിൽ വരച്ചതാണ് ക്ഷേത്രത്തിലെ ചുമർച്ചിത്രങ്ങൾ. കിഴക്കുഭാഗത്തെ ചുമരിൽ കിരാതാർജ്ജുനീയം കഥകളും, തെക്ക് ഭാഗത്തെ ചുമരിൽ ഗണപതി, സരസ്വതി, സുന്ദരയക്ഷി, ശക്തി പഞ്ചാക്ഷരി, ഭദ്രകാളി തുടങ്ങിയ ചിത്രങ്ങളും കാലപ്പഴക്കത്തിന്റെ മങ്ങലിൽ നിലനിൽക്കുന്നു. ഗുരുവായൂരിൽ ഉൾപ്പെടെ നിരവധി ക്ഷേത്രങ്ങളിൽ ചുമർച്ചിത്രങ്ങൾ വരച്ചിട്ടുള്ള പുലാക്കാട്ട് രാമൻ നായർ, രാജാരവിവർമ്മയുടെ കാലത്ത് (18501930) ജീവിച്ചിരുന്ന ചിത്രകാരനാണ്. പുലാക്കാട്ട് രാമൻ നായർ അർഹിക്കുന്ന അംഗീകാരങ്ങൾ ലഭിക്കാതെ പോയ കലാകാരനായിരുന്നുവെന്നും ശശിഭൂഷൺ പറഞ്ഞു. ഒല്ലൂർ പള്ളിയിലെ ചിത്രങ്ങൾ, വേലൂർ അർണോസ് പാതിരിയുടെ പള്ളി, എരുമപ്പെട്ടി ആദൂർ ക്ഷേത്രത്തിലെ ചുമർ ചിത്രങ്ങൾ എന്നിവയെല്ലാം ശശിഭൂഷൻ സന്ദർശിച്ചിരുന്നു. ഗുരുവായൂർ ദേവസ്വം ചുമർ ചിത്രപഠന കേന്ദ്രം പ്രിൻസിപ്പാൾ എം.നളിൻ ബാബുവാണ് ശശിഭൂഷണെ കൊണ്ടുവന്നത്. ട്രസ്റ്റി ബോർഡ് ചെയർമാൻ അഡ്വ.ഇ.എസ്.ശ്രീലാൽ, ഷിബു എന്നിവർ ചേർന്ന് സ്വീകരിച്ചു.